ചതിച്ചത് പ്രിസൈഡിങ് ഓഫിസറുടെ ആ ഒരു വോട്ട്: റദ്ദാക്കണമെന്ന് എന്‍.വേണുഗോപാലിന്‍റെ പരാതി

കൊച്ചി: പ്രിസൈഡിങ് ഓഫിസർ നിയമവിരുദ്ധമായി ബി.ജെ.പി സ്ഥാനാർഥിക്ക് ഒരു വോട്ടു ചെയ്തതു മൂലമാണു താൻ ഒരു വോട്ടിനു പരാജയപ്പെട്ടതന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍. യു.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന എന്‍.വേണുഗോപാല്‍ ഒരു വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പത്മകുമാരിയോട് പരാജയപ്പെട്ടത്.

പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് എന്‍.വേണുഗോപാല്‍. പ്രിസൈഡിങ് ഓഫീസര്‍ നിയമവിരുദ്ധമായി ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്നും ഇതാണ് താന്‍ പരാജയപ്പെടാന്‍ കാരണമെന്നുമാണ് ഇദ്ദേഹത്തിന്‍റെ ആരോപണം. പ്രിസൈഡിങ് ഓഫീസറുടേത് നിയമവിരുദ്ധമായ നടപടിയാണെന്നും അതിനാൽ കൊച്ചി കോര്‍പറേഷന്‍ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് വേണുഗോപാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

വോട്ടെടുപ്പു പൂര്‍ത്തിയായപ്പോള്‍ ലഭിച്ചതു 496 വോട്ടിങ് സ്ലിപ്പുകള്‍. എന്നാല്‍, വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയതു 495 വോട്ടുകള്‍ മാത്രം. ഒരു വോട്ട്, യന്ത്രത്തില്‍ കാണുന്നില്ല. തുടര്‍ന്ന്, പ്രിസൈഡിങ് ഓഫിസര്‍ ചട്ടങ്ങള്‍ മറികടന്നു നറുക്കിടുകയും ബി.ജെ.പി സ്ഥാനാര്‍ഥിക്കു കുറി വീഴുകയും ചെയ്തു. തങ്ങള്‍ എതിര്‍ത്തിട്ടും പ്രിസൈഡിങ് ഓഫിസര്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തു. വോട്ടെണ്ണിയപ്പോള്‍ എനിക്ക് 181 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 182 വോട്ടും. പ്രിസൈഡിങ് ഓഫിസറുടെ നിയമവിരുദ്ധ വോട്ടിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചതെന്നും പരാതിയില്‍ വേണുഗോപാല്‍ ആരോപിക്കുന്നു.

കൊച്ചിയില്‍ മേയര്‍ സ്ഥാനാർഥിയായി ഉയര്‍ത്തിക്കാട്ടിയ എന്‍ വേണുഗോപാലിന്‍റെ പരാജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടിയായിരുന്നു. വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നതിനാല്‍ ഇത് ഗ്രൂപ്പ് വഴക്കുകള്‍ക്കും കാരണമായിരുന്നു. മേയർ സൗമിനി ജെയിന് നേതൃത്വം സ്ഥാനാർഥിത്വം നൽകാതിരുന്നതും ഇവിടെ ചർച്ചയായിരുന്നു. 

Tags:    
News Summary - N. Venugopal's complaint that the presiding officer's one vote was cheated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.