തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവും ഗുരുതര ചട്ടലംഘനവും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ നടപടി ആവശ്യപ്പെട്ട് സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നൽകി.
1968ല ഓൾ ഇന്ത്യാ സർവിസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) ചട്ടങ്ങളിലെ ചട്ടം ഏഴ് പ്രകാരമാണ് സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അച്ചടക്ക അധികാരി എന്ന നിലയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്ന് പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജയതിലകിന്റെ അനധികൃത സ്വത്തുക്കളുടെ വിവരങ്ങൾ, അദ്ദേഹം റവന്യു, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്ത കാലയളവിൽ ബാർ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തുടങ്ങിയവ പരാതിയിൽ ഉണ്ടെന്ന് പ്രശാന്ത് പറയുന്നു.
സ്വത്ത് വിവരവും രേഖകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുഭരണ വകുപ്പ് ഡോ. ജയതിലക് തന്നെ കൈകാര്യം ചെയ്യുന്നതിനാൽ സ്വയം സസ്പെൻഡ് ചെയ്യാനുള്ള ഫയൽ അച്ചടക്ക അതോറിറ്റിക്ക് സമർപ്പിക്കാൻ അദ്ദേഹത്തിന് മടി കാണും. അതുകൊണ്ടാണ് പരാതി രേഖാമൂലം അച്ചടക്ക അധികാരിയായ മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതെന്നും പ്രശാന്ത് പറയുന്നു. നീതിബോധവും ധർമ്മവും ഉണ്ടെങ്കിൽ, ഡോ. ജയതിലകിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് ഏത് നിമിഷവും പ്രതീക്ഷിക്കാമെന്നും പ്രശാന്ത് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ജയതിലകുമായുള്ള ഏറ്റുമുട്ടലിലാണ് പ്രശാന്തിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഏതാനും ദിവസം മുമ്പ് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.