``കാട്ടാളന്മാരേ അരുത്- പഴയിടം ഭയന്നോടരുത്''- എം.വി. ജയരാജൻ

സ്കൂൾ കലോത്സവ ഭക്ഷണ വിവാദത്തിൽ പഴയിടത്തിനു പിന്തുണയുമായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. സ്‌കൂൾ കലോത്സവഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയ കാട്ടാളന്മാരേ, നിങ്ങൾക്ക് കേരളം മാപ്പുനൽകില്ലെന്നാണ് ഫേസ് ബുക്കിലിട്ട കുറിപ്പിൽ എം.വി. ജയരാജൻ പറയുന്നത്.

പോസ്റ്റിന്റെ പൂർണരൂപം:`` കാട്ടാളന്മാരേ അരുത്-പഴയിടം ഭയന്നോടരുത്.

സ്‌കൂൾ കലോത്സവഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയ കാട്ടാളന്മാരേ, നിങ്ങൾക്ക് കേരളം മാപ്പുനൽകില്ല. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന വർഗീയഭ്രാന്തന്മാരുണ്ട്. അവർക്ക് ശ്രീനാരായണഗുരുമുതൽ കൃഷ്ണപിള്ളയും എ.കെ.ജി.യും ഇഎംഎസ്സും എ.കെ.ജിയും വരെയുള്ളവർ പാകപ്പെടുത്തിയ മലയാളികളുടെ മണ്ണിൽ ഇതുവരെ സ്ഥാനം ലഭിച്ചിരുന്നില്ല. ഇന്ന് ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ 'ഭക്ഷണമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ചുട്ട മറുപടി വർഗീയവൈതാളികൾക്ക് നൽകിയേനെ. ഭാവിപൗരന്മാരായ കുട്ടികളുടെ മനസ്സിൽ വർഗീയവിഷം കുത്തിവെക്കുന്നവർ കാവിവൽക്കരണ അജണ്ടയുമായി ഭരണകൂടത്തിന്റെ സ്‌പോൺസർഷിപ്പോടെ പാഠ്യപദ്ധതിയെപ്പോലും മാറ്റിമറിക്കുമ്പോൾ കേരളം ഭരണഘടനയുടെ അടിസ്ഥാന തൂണായ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നു.

നാളിതുവരെ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രുചികരമായ ഭക്ഷണം നൽകിവന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഒരാപേക്ഷപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ല. അദ്ദേഹം തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയെയും മേന്മയെയും നന്മുടെ നാട്ടിലെ ജനങ്ങളും മാധ്യമകളും നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു.

സേവനതല്പരനായി കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനൻ നമ്പൂതിരിയെ ഇപ്പോൾ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ട്. ഇത്തരത്തിൽ ചില പ്രതികരണം വരുമ്പോൾ ഭയന്നോടുകയെന്നതും ഒരു പ്രതിഭാശാലിയിൽ നിന്നും നാട് പ്രതീക്ഷിക്കുന്നതല്ല. അങ്ങനെവന്നാൽ സന്തോഷിക്കുക വർഗീയക്കോമരങ്ങൾ മാത്രമാണ്. നമ്മെ ഭരിക്കുന്നത് ഭയമല്ല, ധീരതയാണ്. ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല, ചരിത്രം രചിച്ചത്. ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ!''.

Tags:    
News Summary - M.V. Jayarajan Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.