പൊലീസി​ന്റെ നോട്ടീസ് കിട്ടി, പോക്കറ്റിലിട്ടു; വീണ്ടും ജയിലിൽ പോകാൻ ആഗ്രഹമുണ്ട് -എം.വി. ജയരാജൻ

കണ്ണൂർ: ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി ഉപരോധം നടത്തിയതിന് കണ്ണൂർ ടൗൺ പൊലീസിന്റെ നോട്ടീസ് ലഭിച്ചതായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. അത് മടക്കി പോക്കറ്റിലിട്ടതായും സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

പതിനായിരകണക്കിന് പേർ പ​ങ്കെടുക്കുന്ന സമരം നടത്തുമ്പോൾ റോഡിലെ ഗതാഗതം തടസ്സപ്പെടും. കണ്ണൂരിൽ യാത്ര ചെയ്യാൻ വേറെയും റോഡുകളുണ്ട്. എന്നാൽ, ഹെഡ് പോസ്റ്റ് ഓഫിസ് വേറെയില്ല. സമരം നടക്കുമ്പോൾ മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിടുകയെന്നത് എന്തോ വലിയ പൗരാവകാശ ലംഘനമായി ചിലർ വ്യാഖ്യാനിക്കുകയാണ്. ജുഡീഷ്യറിയുടെയും ആ വ്യാഖ്യാനമാണ് തെറ്റ്. ജനങ്ങൾ എവിടെ നിൽക്കും. സമരം ആരും നിരോധിച്ചിട്ടില്ല. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശത്തിൽപെട്ടതാണ്. ഇനി ഇതിന്റെ പേരിൽ ഈ ചൂട് കാലത്ത് വീണ്ടും ജയിലിൽ പോവാൻ തയാറാണെന്നും ജയരാജൻ പറഞ്ഞു.

ജഡ്ജിമാരെ പ്രകോപിപ്പിച്ച് നമ്മളെ അകത്താക്കാൻ എല്ലാ മാധ്യമങ്ങളും ഈ സമരം ചിത്രീകരിച്ചിട്ടുണ്ടെന്നും സമരത്തെ അഭിവാദ്യം ചെയ്ത് എം.വി. ജയരാജൻ ചൂണ്ടിക്കാട്ടി. റോഡ് ഗതാഗതം തടസ്സപ്പെടുത്തി സമരം നടത്തുന്നതിനെതിരെ ഹൈകോടതി വിധി ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ടൗൺ പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയത്.

‘ഇങ്ങനെ ഒരു സമരത്തിൽ പതിനായിരങ്ങൾ പ​ങ്കെടുക്കുമ്പോൾ ചിലർക്ക് ഒരു മനപ്രയാസം ഉണ്ടാകും. അങ്ങനെ മന പ്രയാസം ഉള്ളവരോട് ഞങ്ങൾ പറയുന്നു: ഇത് ജനങ്ങളുടെ പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയുള്ള സമരമാണ്. ഇത് ജനാധിപത്യത്തെയോ പൗരസ്വാതന്ത്ര്യത്തെയോ വഴി നടക്കാനുള്ള ജനങ്ങളുടെ അവകാശത്തെയോ നിഷേധിക്കുന്നതല്ല. ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് ഇവിടെ നടക്കുന്നത്.

എനിക്ക് ഒരുനോട്ടീസ് പൊലീസ് തന്നു. പൊലീസിനെ ​കൊണ്ട് അത് ചെയ്യിച്ചത് കോടതിയാണെന്ന് എനിക്കറിയാം. ജുഡീഷ്യറിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയുന്നു, ഇത് ജുഡീഷ്യറിക്കോ ജനങ്ങൾക്കോ പൊലീസി​നോ എതിരായ സമരമല്ല. ജനാധിപത്യവും നീതി ബോധവുമുള്ളതിനാൽ നോട്ടീസ് തന്നപ്പോൾ അത് സ്വീകരിച്ച് പോക്കറ്റിലിട്ടിട്ടുണ്ട്. ഇത് കുറച്ച് കഴിഞ്ഞാൽ ചാനലിൽ കാണാം. ഇതുവെച്ച് ജഡ്ജിമാരെ പ്രകോപിപ്പിച്ച് നമ്മളെ അകത്താക്കാനാണ് ചാനലുകളുടെ ശ്രമം. ഒരു കാര്യം ഇവരോട് പറഞ്ഞേക്കാം, പണ്ട് ഇതേ സ്ഥലത്ത് 25 ആളോട് ഞാൻ പറഞ്ഞ കാര്യമാണ് ചാനലുകാർ വലിയ വാർത്തയാക്കി എന്നെ ജയിലിലയച്ചത്. ഒരിക്കൽ കൂടി ഈ ചൂടുകാലത്ത് ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുണ്ട്. അതു​കൊണ്ട് ആ വിരട്ടലൊന്നും ഞങ്ങളോട് വേണ്ട’ -അദ്ദേഹം പറഞ്ഞു. 

വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് കണ്ണൂരിൽ റോഡ് കൈയേറി സി.പി.എം ഉപരോധ സമരം നടത്തിയത്. ‘കേരളമെന്താ ഇന്ത്യയിൽ അല്ലേ’ എന്ന ചോദ്യമുയർത്തി സി.പി.എം കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധത്തിന്റെ ഭാഗമായാണ് റോഡിൽ പന്തൽ ഒരുക്കിയത്. ഹെഡ് പോസ്റ്റ് ഓഫിസിനോട് ചേർന്ന് വേദിയും തൊട്ടുമുന്നിലെ റോഡിൽ പന്തലിട്ട് കസേരയും നിരത്തിയിട്ടാണ് ഉപരോധ സമരം. റോഡ് കൈയേറി പന്തൽ ഒരുക്കിയതിനാൽ ഈ വഴിക്കുള്ള ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്. അതീവ തിരക്കുള്ള റോഡിൽ പന്തൽ കെട്ടിയിട്ടും അധികൃതർ ആരും തടയാൻ എത്തിയില്ലെന്നതാണ് ആശ്ചര്യകരം.

നേരത്തേയും സമാന രീതിയിൽ പന്തൽ കെട്ടിയപ്പോൾ പാർട്ടിക്കതിൽ പങ്കില്ലെന്നും കരാറുകാർ ചെയ്തത് എന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. അർഹമായ വിഹിതം നൽകാതെ കേരളത്തോട് സാമ്പത്തിക ഉപരോധം തീർക്കുകയാണ് കേന്ദ്രമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഉപരോധം. ഇതിനു മുന്നോടിയായി ജില്ലയിൽ കാൽനടജാഥകൾ നടത്തിയിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനാണ് ഉപരോധ സമരത്തിന്റെ ഉദ്ഘാടകൻ.

Tags:    
News Summary - mv jayarajan CPM Agitation blocking road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.