കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരുമെന്ന് ഉറപ്പായി. ഞായറാഴ്ചയാണ് പുതിയ സംസ്ഥാന കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പ്. സെക്രട്ടറി സ്ഥാനത്തേക്ക് എം.വി. ഗോവിന്ദൻ അല്ലാതെ മറ്റൊരു പേര് ഇപ്പോൾ പാർട്ടിയുടെ മുന്നിലില്ല. കോടിയേരി അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞതിനെതുടർന്ന് 2022 ആഗസ്റ്റ് 28നാണ് ഗോവിന്ദൻ നേതൃത്വം ഏറ്റെടുത്തത്.
തദ്ദേശസ്വയം ഭരണ മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടി സെക്രട്ടറിയായ ഗോവിന്ദൻ ആ സ്ഥാനത്ത് രണ്ടരവർഷം പൂർത്തിയാക്കി. പിണറായി വിജയൻ ക്യാപ്റ്റനായി നയിക്കുന്ന സി.പി.എം കേരള ഘടകത്തിൽ രണ്ടാമനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കോടിയേരിയുടെ വിയോഗത്തോടെ ഒഴിവുവന്ന പോളിറ്റ് ബ്യൂറോ അംഗത്വവും എം.വി. ഗോവിന്ദനാണ് ലഭിച്ചത്.
കൊല്ലം: കടൽ ധാതുമണൽ ഖനനത്തിനെതിരെ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രമേയം, കരിമണലും പുഴമണലുമുൾപ്പെടെ വാരുമെന്ന് പാർട്ടി സെക്രട്ടറിയുടെ പ്രഖ്യാപനവും. സി.പി.എം സംസ്ഥാന സമ്മേളന പ്രമേയങ്ങൾ വിശദീകരിച്ച് എം.വി. ഗോവിന്ദൻ നടത്തിയ വാർത്തസമ്മേളനത്തിലാണ് നിലപാടിലെ വൈരുധ്യം പ്രകടമായത്.
കേന്ദ്ര സർക്കാർ മത്സ്യമേഖലയെ തകർക്കുന്നെന്ന് ചൂണ്ടിക്കാട്ടി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് നീല സമ്പദ്വ്യവസ്ഥ എന്നപേരിൽ കടലിനെ പൂർണമായി കോർപറേറ്റുകൾക്ക് തീറെഴുതുകയാണെന്നും അതിന്‍റെ പേരിൽ നടപ്പാക്കുന്ന ധാതുമണൽ ഖനനം കടലിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും പറയുന്നത്. എന്നാൽ, കടൽതീരത്തെ കരിമണൽ ഖനനത്തെ കുറിച്ച ചോദ്യത്തിന് അത് കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥക്ക് മുതൽകൂട്ടാണെന്നാണ് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. പുഴമണലും ഡാമിലെ മണലുമൊക്കെ വാരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരിമണൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതാണ് സമ്മേളന പ്രമേയവും അതിലുള്ള സെക്രട്ടറിയുടെ വിശദീകരണവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.