തിരുവനന്തപുരം: വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വേടനെ അറസ്റ്റ് ചെയ്തതതിലും ജാമ്യം കൊടുത്തതിലുമൊന്നും ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ല. കഞ്ചാവ് പിടിച്ചതിന് വേടന് പൊലീസിന് അവിടെ തന്നെ ജാമ്യം നൽകാമായിരുന്നു. എന്നാൽ, ഇതിന് പകരം പുലിപ്പല്ല് ധരിച്ചുവെന്ന് ആരോപിച്ച് വേടനെതിരെ വനംവകുപ്പ് കേസെടുത്തത് ഗൗരവമായി പരിശോധക്കപ്പെടേണ്ട കാര്യമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
സുഹൃത്താണ് പുലിപ്പല്ല് നൽകിയതെന്ന് വേടൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് ധരിക്കുമ്പോൾ ഇത്തരത്തിൽ പ്രശ്നമുണ്ടാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്നം അവിടെ തന്നെ തീരേണ്ടതായിരുന്നു. അതിന് പകരം ഭീകരകുറ്റകൃത്യം ചെയ്തയാളെന്ന നിലയിൽ വേടനെ കൊണ്ടു പോയത് തെറ്റാണെന്ന വനംമന്ത്രിയുടെ നിലപാട് ശരിയാണെന്നും എം.വി ഗോവിന്ദൻ. പറഞ്ഞു.
പാവപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയായി രാജ്യം മുഴുവൻ അംഗീകരിക്കുന്ന കലാകാരനാണ് വേടൻ. ആ തരത്തിൽ വേടനെ അംഗീകരിക്കണം. എന്നാൽ, വേടന്റെ ലഹരി ഉപയോഗത്തെ അംഗീകരിക്കാനാവില്ല. എന്നാൽ, ലഹരി ഉപയോഗത്തിൽ തിരുത്തൽ വരുത്തിയെന്ന് വേടൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
തന്‍റെ മദ്യപാനവും പുകവലിയും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ലഹരി ഉപയോഗിക്കുന്നത് ഉപേക്ഷിക്കാന്‍ ശ്രമിക്കുമെന്നും റാപ്പര്‍ വേടന്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നല്ലൊരു മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുമെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന പുലിപ്പല്ല് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അറിയിച്ചു. തിങ്കളാഴ്ചയാണ് വേടന്‍ കഞ്ചാവുമായി തൃപ്പൂണിത്തുറയില്‍ അറസ്റ്റിലായത്.
തുടര്‍ന്ന് പുലിപ്പല്ല് ആഭരണമായി ഉപയോഗിക്കുന്നതായി കണ്ടെത്തുകയും വനം വകുപ്പ് കേസെടുക്കുകയുമായിരുന്നു. ചെന്നൈയില്‍ സംഗീത പരിപാടിക്കിടെ ആരാധകനും ശ്രീലങ്കന്‍ വംശജനുമായ രഞ്ജിത് കുമ്പിടി സമ്മാനമായി നല്‍കിയതാണ് പുലിപ്പല്ലെന്ന് വേടന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നല്‍കിയത് എന്ന് പറയുന്നുവെന്നും എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.