എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കെ.കെ. ശൈലജയെ മട്ടന്നൂർ മണ്ഡലത്തിൽനിന്ന് പേരാവൂരിലേക്ക് മാറ്റിയതിൽ പിശകുണ്ടെന്നതടക്കം നിയമസഭ തെരഞ്ഞെടുപ്പ് അവലോകനത്തിലെ കേന്ദ്ര കമ്മിറ്റി വിമർശനത്തെക്കുറിച്ച ചോദ്യത്തിന് താൻ ഉൾപ്പെടെയുള്ളവരാണ് കേന്ദ്ര കമ്മിറ്റിയെന്നും തങ്ങളെല്ലാംകൂടി തീരുമാനിച്ചതല്ലേ അതെല്ലാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണവിരുദ്ധവികാരമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിലപാടല്ലല്ലോ കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലുള്ളതെന്ന ചോദ്യത്തിന് താൻ പറഞ്ഞതുതന്നെ പറയാനാണോ കേന്ദ്ര കമ്മിറ്റി ഇരിക്കുന്നതെന്നും പിന്നെന്തിനാ കേന്ദ്ര കമ്മിറ്റിയെന്നുമായിരുന്നു മറുപടി.
താൻ ഉൾപ്പെടെയല്ലേ കേന്ദ്രകമ്മിറ്റി, വേറെ ഏതാ കേന്ദ്ര കമ്മിറ്റി, വേറെ ആരാ പറയേണ്ടത് എന്നും മറുചോദ്യമുന്നയിക്കുകയും ചെയ്തു. അത്തരം പരാമർശങ്ങളിലൊന്നും കുഴപ്പമില്ല. തങ്ങൾകൂടി പരിശോധിച്ച് തീരുമാനിച്ച് വന്നതാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. തെറ്റായ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്.
അതൊക്കെ തങ്ങൾതന്നെ തയാറാക്കിയ രേഖയാണ്. മാധ്യമങ്ങൾ ചോർത്തിയെടുക്കേണ്ട കാര്യമില്ല. ജനങ്ങൾക്ക് വായിക്കാൻ റിപ്പോർട്ട് പരസ്യമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ ഭാവനക്കനുസരിച്ച് എന്തുമെഴുതാം. തെരഞ്ഞെടുപ്പ് തോൽവിയിൽ തനിക്ക് വ്യക്തിപരമായി തെറ്റ് സംഭവിച്ചിട്ടില്ല. ഇക്കാര്യം താൻ സമ്മതിക്കേണ്ട കാര്യമില്ല. പാർട്ടി ആകെയാണ് തെറ്റുതിരുത്തലിലേക്ക് പോകുന്നത്. താൻ ഒറ്റക്ക് എന്തിനാണ് തെറ്റുതിരുത്തുന്നത്. സംസ്ഥാന കമ്മിറ്റിയിലോ സെക്രട്ടേറിയറ്റിലോ അഴിച്ചുപണിയുണ്ടാകില്ല. അത് പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായേ ഉണ്ടാകൂവെന്നും എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.