എം.വി. ഗോവിന്ദൻ
‘സ്പോൺസേർഡ്’ മന്ത്രിമാരെ നയിക്കുന്ന ‘സ്പോൺസേർഡ്’ മുഖ്യമന്ത്രി കേരളത്തിന് അപമാനം : എം.വി. ഗോവിന്ദൻ
കൊച്ചി: ബി.ജെ.പിയും കോൺഗ്രസും രാജ്യത്തെ കോർപറേറ്റ് ശക്തികളും ചേർന്ന് രാജ്യത്തുനിന്ന് കമ്യൂണിസം ഇല്ലാതാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇ.ഡി കേസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
‘സ്പോൺസേർഡ്’ മന്ത്രിമാരെ നയിക്കുന്ന ‘സ്പോൺസേർഡ്’ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണന്നും അഴിമതിയുടെ കേന്ദ്രമായി കേരളം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് കച്ചേരിപ്പടി വഞ്ചി സ്ക്വയറിൽ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാവായിരിക്കെ ഇ.ഡി കേസുകളിൽ പ്രതി ആയ ആളാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേർന്ന് ബംഗാളിൽ മുഖ്യമന്ത്രിയായത്. അസം മുഖ്യമന്ത്രിയുടെ കാര്യവും ഇതു തന്നെ. ബി.ജെ.പിയിൽ ചേർന്നതോടെ ഇവർക്കെതിരായ ഇ.ഡിയുടെ കേസന്വേഷണവും അവസാനിച്ചു. ഇതുപോലെ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ഇ.ഡിയെ ഉപയോഗിച്ച് കുടുക്കിയാൽ ബി.ജെ.പിയിൽ എത്തിക്കാമെന്നാണ് കരുതുന്നതെങ്കിൽ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കച്ചേരിപ്പടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തോടെയാണ് യോഗം ആരംഭിച്ചത്. എറണാകുളം ഏരിയ സെക്രട്ടറി സി. മണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്. സതീശ്, മുൻ എം.എൽ.എമാരായ സി.എം. ദിനേശ് മണി, കെ.എൻ. രാധാകൃഷ്ണൻ, മുൻ മേയർ അഡ്വ. എം. അനിൽകുമാർ, മായാ ദേവി, ബീന, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.