ഷോൺ ജോർജിനെതിരെ കലിപ്പിളകി വി. മുരളീധരൻ : ‘ഷോൺ എന്തിന് രേഖ പുറത്തുവിട്ടെന്ന് അറിയില്ല, രാജീവ് ചന്ദ്രശേഖറിനോട് ചോദിക്കൂ’

തിരുവനന്തപുരം: ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടിക പുറത്തുവിട്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെതിരെ മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ. രേഖയിൽ മുരളീധരന്റെ പേര് ഉൾപ്പെട്ടതാണ് പാർട്ടിയിൽ ഭിന്നതക്കിടയാക്കിയത്.

ഷോൺ ജോർജ് പുറത്തുവിട്ട രേഖകളെ കുറിച്ച് തനിക്കറിവില്ലെന്നും അതിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലെന്നും മുരളീധരൻ പറഞ്ഞു. ​അതുസംബന്ധിച്ച ചോദ്യങ്ങൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഷോൺ ജോർജ് രേഖ എന്തിനാ പുറത്തുവിട്ടത്? ഷോൺ ജോർജിന്റെ ഉദ്ദേശ്യം എന്തായിരുന്നു? ഇതൊക്കെ നിങ്ങൾ ഷോൺ ജോർജിനോട് ചോദിക്ക്. ആ ചോദ്യത്തിന്, ആ രേഖയെ കുറിച്ച് എനിക്ക് ഒരു അറിവുമില്ല. എനിക്ക് ഷോൺ ജോർജിന്റെ രേഖയെ കുറിച്ച് എനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല. ആ രേഖയുടെ ആധികാരികതയെ കുറിച്ചും ഞാൻ ഒന്നും പറയില്ല. കാരണം ഞാൻ ആ രേഖ കണ്ടിട്ടില്ല. കണ്ടിട്ടില്ലാത്ത രേഖയെ കുറിച്ച് എനിക്ക് എങ്ങനെ പറയാൻ പറ്റും? സംസ്ഥാന വൈസ് പ്രസിഡന്റിനെ കുറിച്ചുള്ള ചോദ്യം ചോദിക്കേണ്ടത് പ്രസിഡന്റിനോടാണ്. വൈസ് പ്രസിഡന്റിനോട് ചോദ്യം ചോദിക്കാൻ മുൻ കേന്ദ്ര മന്ത്രിക്കും മുൻ ദേശീയ നിർവാഹ സമിതി അംഗത്തിനും അധികാരമില്ല’ -അദ്ദേഹം പറഞ്ഞു.

ഷോണിനെതിരായ വി. മുരളീധരന്റെ പരസ്യമായ രോഷപ്രകടനത്തിലൂടെ ബി.ജെ.പിക്കുള്ളിലെ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. ഷോൺ ജോർജ് ഈ രേഖ പുറത്തുവിട്ടതുവഴി തന്റെ പേര് അതിലേക്ക് വലിച്ചിട്ടതിലുള്ള അതൃപ്തിയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.

സംസ്ഥാന പ്രസിഡന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഷോൺ ജോർജ് അങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തുമോ എന്നതാണ് മുരളീധര പക്ഷത്തിന്റെ വിമർശനം. അതിനാലാണ് ഷോൺ പത്രസമ്മേളനം നടത്തി പരസ്യപ്പെടുത്തിയ രേഖയുടെ ആധികാരികതയിൽ ​മുരളീധരൻ സംശയം പ്രകടിപ്പിച്ചത്.

2019, 2024, 2016, 2026 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ തന്റെ ആസ്തി കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫയൽ ചെയ്തിട്ടുണ്ടെന്നും ആർക്ക് വേണമെങ്കിലും ഡൗൺലോഡ് ചെയ്ത് പരിശോധിക്കാമെന്നും മുരളീധരൻ ഇന്ന് വാർത്താസ​മ്മേളനത്തിൽ പറഞ്ഞു. ‘2012 ന് ശേഷം ഒരു തുണ്ട് ഭൂമിയോ സ്വർണമോ ഞാൻ വാങ്ങിയതായി ആരുടെയും കയ്യിൽ രേഖയുണ്ടെങ്കിൽ നിങ്ങൾക്ക് പറയാം. അതെല്ലാം നിങ്ങൾക്ക് പരിശോധിക്കാം. ഞാൻ എന്റെയോ എന്റെ ബന്ധുക്കളുടെയോ മക്കളെ വിദേശത്ത് അയച്ചു പഠിപ്പിക്കാനോ പണം ചെലവാക്കാനോ നിന്നിട്ടില്ല. കർത്തയിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ ഞാൻ അധ്യക്ഷനായ സമയത്ത് ആരെങ്കിലും എന്റെ പേര് പറഞ്ഞിട്ട് പാർട്ടിക്ക് വേണ്ടി വാങ്ങിയിട്ടുണ്ടാകും. അതല്ലെങ്കിൽ ബിജെപിയിൽ വി മുരളീധരൻ അല്ലാത്ത നിരവധി മുരളീധരന്മാരുണ്ട്. അതിലാരെങ്കിലും വാങ്ങിയതാവാം. എന്താണ് സംഭവിച്ചത് എന്ന് മാധ്യമങ്ങൾക്കും പൂർണമായും അന്വേഷിച്ച് കണ്ടുപിടിക്കണം.

സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തണമെന്ന് താല്പര്യം ഉണ്ടെങ്കിൽ അന്വേഷണം നടത്താം. വിജിലൻസോ സിബിഐയോ അന്വേഷിക്കാം. പക്ഷേ, വിജിലൻസ് അന്വേഷണം നടക്കുന്നതിനു മുൻപേ ആദ്യം വിഡി സതീശനും രമേശ് ചെന്നിത്തലയും രാജി വെക്കണം. കാരണം അവർ മന്ത്രിയായതിനാൽ അവരുടെ കീഴിലുള്ള വിജിലൻസ് അവർക്കെതിരെ അന്വേഷണം നടത്താൻ പറ്റില്ല.

ഇ​പ്പോഴുള്ള ഈ ചർച്ച യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴിതിരിച്ചുവിടുകയാണ്. പിണറായി വിജയന്റെ മകൾ വീണ സിഎംആർ എൽ കമ്പനിയിൽ നിന്ന് പണം പറ്റിയതാണ് യഥാർഥ പ്രശ്നം. ഇന്നലെ പുറത്തുവന്ന രേഖകൾ ഒന്നും ഈ പറഞ്ഞ പണമിടപാടുമായി ബന്ധപ്പെട്ടതല്ല.

സിഎംആർഎൽ കമ്പനി മാസംതോറും നൽകിയ പണത്തിന് എന്ത് സേവനമാണ് നൽകിയ​തെന്ന് വിശദീകരിക്കാൻ വീണയ്ക്ക് ഇതുവരെ കഴിഞ്ഞില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് ആദായനികുതി വകുപ്പും എസ്എഫ്ഐഒയും വീണയുടെയും പിണറായിയുടെയും വിശദാംശങ്ങൾ ശേഖരിച്ചത്. ശേഷം കള്ളപ്പണം വെളുപ്പിക്കൽ നടന്നിരിക്കുന്നു എന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിന് വിവരം കൊടുത്തു. സംസ്ഥാന സർക്കാർ എന്തുകൊണ്ട് ആ കാര്യത്തിൽ മൗനം പാലിക്കുന്നു. സംസ്ഥാന സർക്കാർ എന്തിന് വീണ്ടും ഒരു പ്രാഥമിക അന്വേഷണത്തിന് വേണ്ടി മുതിരുന്നു. സംസ്ഥാന സർക്കാർ എന്തിന് 15 ദിവസങ്ങൾക്ക് ശേഷം വീണ്ടും വീണ്ടും അത് ഡിജിപിക്ക് തിരിച്ചയക്കുന്നു. ഇതിനാണ് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറയേണ്ടത്. കോൺഗ്രസിന്റെ ഉന്നത നേതൃത്വവും സിപിഎം നേതൃത്വവും തമ്മിലുള്ള ധാരണയുടെ ഭാഗമായിട്ടാണ് ഈ തരത്തിലുള്ള നിലപാട് ഇപ്പോൾ എടുത്തിരിക്കുന്നത്.

വി ഡി സതീശന്റെ വിമാനയാത്ര സ്​പോൺസർ ചെയ്ത ആ സുഹൃത്തിന്റെ പേര് പറയുന്നതിന് എന്തിനാണ് മടി. നാളെ കോർപ്പറേഷന്റെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ ഹോട്ടൽ ഉടമയായ സുഹൃത്തിന്റെ വാഹനം എടുത്തിട്ടാണോ ഹോട്ടലുകളിൽ പരിശോധന നടത്താൻ പോവുക. ഉദ്യോഗസ്ഥന്മാർ എല്ലാവരും ഇതുപോലെ സ്വകാര്യ വ്യവസായികളുടെ ആനുകൂല്യങ്ങൾ ഉപയോഗിച്ചാലോ? ജനാധിപത്യ സംവിധാനത്തിൽ ഈ സ്പോൺസറുടെ പേര് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? എന്തുകൊണ്ട് മുഖ്യമന്ത്രി ഈ കാര്യത്തിൽ മൗനം പാലിക്കുന്നു? മുഖ്യമന്ത്രിക്ക് ഇതിന് ഇന്നല്ലെങ്കിൽ നാളെ ഉത്തരം പറഞ്ഞേ മതിയാവൂ’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - V Muraleedharan slams Shone George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.