ശ്രീകാര്യം കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ; കേസിൽ പിടിയിലായവരുടെ എണ്ണം നാലായി
തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനായ അഭിരാം കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി ഉമറിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ. ഐശ്വര്യയാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നു.
അഭിരാമിന്റെ കൊലപാതകത്തെക്കുറിച്ച് ഐശ്വര്യക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ, കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിലും ഇവർ കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഈ അറപ്പോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം നാലായി ഉയർന്നു.
കേസിൽ നേരത്തെ പ്രായപൂർത്തിയാകാത്ത കുട്ടിയും വിദ്യാർഥിനിയും ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ ഒന്നാംപ്രതിയായ 17 കാരൻ, കാപ്പ കേസിൽ അടുത്തിടെ ജയിൽ മോചിതനായ രണ്ടാംപ്രതി ശ്രീകാര്യം കല്ലമ്പള്ളി പുതുവൽ പുത്തൻ വീട്ടിൽ എസ്. ഉമർ മുഫ്താർ (21), മൂന്നാം പ്രതിയും വിദ്യാർഥിനിയുമായ ശ്രീവരാഹം മണക്കാട് സ്വദേശി ആനന്ദ (18) എന്നിവരാണ് അറസ്റ്റിലായത്.
ഈമാസം ഒന്നിന് വൈകുന്നേരമാണ് സ്കൂൾ വിദ്യാർഥിയായ അഭിരാമിനെ കാണാതായത്. പിറ്റേദിവസം വൈകുന്നേരം പാങ്ങപ്പാറയിൽ ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പാങ്ങപ്പാറയിൽ 17 കാരനായ അഭിരാമിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് 17 കാരനായ ഒന്നാം പ്രതിയും മുൻ കാമുകിയും തമ്മിലെ തർക്കം. അഭിരാമിലൂടെ തന്റെ മുൻ കാമുകിയുടെ കാമുകനെ വിളിച്ചുവരുത്തി കൊല്ലാനായിരുന്നു പിടിയിലായ 17 കാരൻ ലക്ഷ്യമിട്ടിരുന്നത്.
അഭിരാമിന്റെ സുഹൃത്താണ് ഇയാൾ. അനന്തയെ ഉപയോഗിച്ച് അഭിരാമിനെ കൊല നടത്തിയ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അഭിരാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു.
എന്നാൽ ഇത് തർക്കത്തിന് കാരണമായി. അതിനിടയിൽ അഭിരാമിനെ ചവിട്ടി വീഴ്ത്തി കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. രണ്ടാംപ്രതി ഉമറും സ്ഥലത്തുണ്ടായിരുന്നു. ഒരാൾ കഴുത്തിൽ കുത്തിപ്പിടിച്ചും മറ്റൊരാൾ ബെൽറ്റ് കൊണ്ട് കഴുത്ത് മുറുക്കിയും കൊലപാതകം നടത്തുകയായിരുന്നു.തുടർന്ന് ഇരുവരും ചേർന്ന് അഭിരാമിന്റെ മൃതദേഹം ചാക്കിലാക്കി കരിയിലകൾ കൊണ്ട് മൂടി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. തുടർന്ന് ഒന്നും സംഭവിക്കാത്തത് പോലെ വീടുകളിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.