മുസ് ലിം സ്ഥാപനങ്ങളെയും പ്രഭാഷകരെയും വേട്ടയാടുന്നത് അവസാനിപ്പിക്കണം –മുസ് ലിം നേതാക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ  മുസ്ലിം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും മതപ്രബോധകര്‍ക്കുമെതിരെ നടക്കുന്ന  വിവേചനപരമായ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു. പല ഇസ്ലാമിക പ്രബോധകരെയും പൊലീസ് കാണുന്നത് കുറ്റവാളികളെപ്പോലെയാണ്. മതവിദ്വേഷമുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നും ഭീകര പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള  നിരുത്തരവാദപരമായ  ആരോപണം ഉന്നയിച്ച് യു.എ.പി.എ ചുമത്താനുള്ള ശ്രമമാണ്  നടക്കുന്നത്.

സമുദായ സൗഹാര്‍ദവും മതമൈത്രിയും തകര്‍ക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും തടയുകയും  കുറ്റങ്ങളുടെ സ്വഭാവം അനുസരിച്ച് കേസെടുക്കുകയും വേണം. എന്നാല്‍, ഇക്കാര്യത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കിടയിലും വിവേചനം പാടില്ളെന്നും നേതാക്കള്‍  ഓര്‍മിപ്പിച്ചു.

ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊലീസ് കയറി സ്ഥാപനാധികാരികളെയും അധ്യാപകരെയും ശല്യം ചെയ്യുന്ന അവസ്ഥ അവസാനിപ്പിക്കണം. ഇസ്ലാമിക വിദ്യാഭ്യാസം നല്‍കാനുള്ള ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെടരുത്. ഒരു പ്രത്യേക സമുദായത്തിലെ സ്ഥാപനങ്ങളെയും പ്രഭാഷകരെയും മാത്രം ലക്ഷ്യംവെക്കുന്നത് അവരില്‍ അരക്ഷിതബോധം വളര്‍ത്തും. ഇതു രാജ്യതാല്‍പര്യത്തെയാണ് ബാധിക്കുകയെന്നും നേതാക്കള്‍ പറഞ്ഞു. എല്ലാം അന്വേഷിച്ചുവേണ്ടത് ചെയ്യുമെന്നും യു.എ.പി.എ ചുമത്തപ്പെട്ട കേസുകള്‍ പരിശോധിക്കുമെന്നും നിയമത്തിന്‍െറ ദുരുപയോഗം തടയുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., കെ.പി.എ. മജീദ് (മുസ്ലിം ലീഗ്), സലാഹുദ്ദീന്‍ മദനി (കേരള നദ്വത്തുല്‍ മുജാഹിദീന്‍), ശൈഖ് മുഹമ്മദ് കാരകുന്ന് (ജമാഅത്തെ ഇസ്ലാമി), വിഴിഞ്ഞം സഈദ് മുസ്ലിയാര്‍, നസീര്‍ ഖാന്‍ ഫൈസി (സമസ്ത), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ), ഡോ. ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്.), പി. ഉണ്ണീന്‍ (എം.എസ്.എസ്.), സി.കെ. അബ്ദുല്‍ ജബ്ബാര്‍ (തബ്ലീഗ് ജമാഅത്ത്), സി.പി. കുഞ്ഞുമുഹമ്മദ് (ജെ.ഡി.ടി ഇസ്ലാം), പി.കെ. അഹമ്മദ് (കെ.എന്‍.എം.) എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

Tags:    
News Summary - muslim leaders meet cm pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT