ചുമർ ചിത്രകാരൻ കെ.കെ വാര്യർ അന്തരിച്ചു

ഗുരുവായൂർ: ചുമർ ചിത്രകാരന്‍ കെ.കെ. വാരിയർ (കിഴക്കേടത്ത് കുഞ്ഞിരാമ വാര്യര്‍ -84) നിര്യാതനായി. 45 വർഷം മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധക്ക് ശേഷം ക്ഷേത്രത്തിനുള്ളിലെ ചുമർചിത്രങ്ങൾ പുനരാവിഷ്കരിക്കാൻ നേതൃത്വം നൽകിയവരിൽ ഇദ്ദേഹം ഉണ്ടായിരുന്നു. 1979 ൽ രുക്മിണി കല്യാണമണ്ഡപത്തിൽ രുക്മിണി സ്വയംവരം കഥ ചിത്രീകരിച്ചാണ് ഇദ്ദേഹം ഗുരുവായൂരിൽ ചുമർചിത്ര രചനയാരംഭിച്ചത്.

1986-89 കാലഘട്ടത്തിൽ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ, എം.കെ. ശ്രീനിവാസൻ എന്നിവർക്കൊപ്പമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ പുനർ നിർമിക്കുന്നതിൽ പങ്കാളിയായത്. നാശോന്മുഖമായ ചിത്രങ്ങൾ അടർത്തിയെടുത്ത് ചുമർപ്രതലംപോലെ തയാറാക്കിയ ബോർഡുകളിൽ ഒട്ടിച്ച് സംരക്ഷണപ്രക്രിയകൾ ചെയ്ത് ഫ്രെയിമുകളിലാക്കി സംരക്ഷിക്കുന്ന പ്രവർത്തനത്തിലും വിദഗ്ധനായിരുന്നു.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് മാതൃശാലാക്ഷേത്രം, കണ്ണൂർ കരിവെള്ളൂർ പുത്തൂർ ശിവക്ഷേത്രം, ആലത്തിയൂർ ഹനുമാൻ പെരുംതൃക്കോവിൽ, കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രം, തൃശൂർ തൈക്കാട്ടുശ്ശേരി വാമനമൂർത്തി ക്ഷേത്രം, വൈപ്പിൻ കുഴുപ്പിള്ളി പളത്താൻകുളങ്ങര ശിവക്ഷേത്രം, ഗുരുവായൂർ ഞാറെക്കാട്ട് പിഷാരം, കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രം, കുരട തിരുമംഗലം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലെ ചുമർചിത്രങ്ങൾ പുനരാലേഖനം ചെയ്യുകയും പുതിയതായി ചിത്രീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

40 വർഷത്തോളം ചുമർചിത്രകലാധ്യാപകനായിരുന്നു. മൂന്ന് തവണ കേരള ലളിത കല അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ‘സംരക്ഷിത ചുമർചിത്രങ്ങൾ’എന്ന കൃതി പ്രശസ്തമാണ്. ദേശീയ അധ്യാപക പുരസ്‌കാരം, കേന്ദ്രസർക്കാർ സീനിയർ ഫെലോഷിപ്​, ജന്മാഷ്‌ടമി പുരസ്‌കാരം, വർണകുലപതി, കലാപ്രവീൺ തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ മ്യൂറൽ ചിത്രകലയുടെ അധ്യാപകനായിരുന്നു.

എറണാകുളത്ത് ഇന്ത്യൻ സ്‌കൂൾ ഓഫ് ആർട്‌സ്, ഗുരുവായൂരിൽ ചിത്രഗേഹം എന്നീ കലാകേന്ദ്രങ്ങളുടെ സ്‌ഥാപകനാണ്. മട്ടന്നൂർ സ്വദേശിയായ വാരിയർ തലശേരി കേരള സ്കൂൾ ഓഫ് ആർട്സിൽനിന്നാണ് ചിത്രകല പഠിച്ചത്. സി.വി. ബാലൻ നായരാണ് ചുമർചിത്രകലയിലെ ഗുരുനാഥൻ. ചേവായൂർ, ഗുരുവായൂർ, എറണാകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കലാപ്രവർത്തനങ്ങൾ.

ഭാര്യ: ദാക്ഷായണി വാരസ്യാര്‍. മക്കള്‍: ശശികുമാർ ‍(ഇന്ത്യന്‍ സ്കൂള്‍ ഓഫ് ആര്‍ട്സ് കൊച്ചി), രവികുമാര്‍ (ബി. എസ്.എന്‍.എല്‍ കണ്ണൂര്‍), താരാ കൃഷ്ണന്‍ (വിദ്യാഭവന്‍ പ്രിന്‍സിപ്പൽ, ചേവായൂര്‍). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മട്ടന്നൂരില്‍. 

Tags:    
News Summary - Mural Painter K K Warrier - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.