ഇന്ന് ഗൃഹപ്രവേശനം നടക്കുന്ന വീടുകൾ
കൽപറ്റ: അനേകം ജീവിതങ്ങളും ജീവനുകളും ഉരുളിലാഴ്ത്തിയ മഹാദുരന്തത്തിന് ശേഷമുള്ള അതിജീവനപാതയിൽ പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ദുരന്തബാധിതർ. മുസ്ലിം ലീഗ് ഒരുക്കിയ 51 സ്നേഹ വീടുകളിൽ ദുരന്തബാധിതർ തിങ്കളാഴ്ച താമസം തുടങ്ങും. വൈകീട്ട് നാലിന് തൃക്കൈപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ ദുരന്തബാധിതരുടെ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും സംബന്ധിക്കുക. മറ്റുള്ളവർക്ക് പ്രവേശനമില്ല. ഗുണ ഭോക്താക്കളുടെ ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന പരിപാടിയായതിനാൽ അവരുടെ സ്വകാര്യത മാനിക്കണമെന്നും അനിയന്ത്രിതമായേക്കാവുന്ന ജനത്തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർമിക്കുന്ന 105 വീടുകളിൽ 51 എണ്ണത്തിലാണ് ആദ്യഘട്ടത്തിൽ ഗൃഹപ്രവേശനം നടക്കുന്നത്. ഇവയുടെ സമർപ്പണം കഴിഞ്ഞ ഫെബ്രുവരി 28ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു. മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേർന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് എട്ടു സെന്റിൽ 1060 ചതുരശ്രയടിയിൽ വീടുകൾ നിർമിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ശൗചാലയങ്ങൾ, അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട്, കട്ടപാകിയ മുറ്റം, മുൻവശത്ത് ഏഴു മീറ്റർ വീതിയിൽ ടൈൽ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ശുദ്ധജലത്തിന് കിണർ കുഴിച്ച് ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകൾക്കാവശ്യമായ ഫർണിച്ചറും മുസ്ലിം ലീഗാണ് നൽകിയത്. ആവശ്യമെങ്കിൽ രണ്ടാംനില പണിയാനുള്ള തറബല ത്തോടെയാണ് നിർമാണം.
സർക്കാറിന്റെ ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെടുകയും എന്നാൽ, സർക്കാർ നൽകുന്ന വീട് വേണ്ടെന്നുവെച്ച് മുസ്ലിം ലീഗിന് അപേക്ഷ നൽകുകയും ചെയ്തവരെയാണ് ഇവിടേക്ക് പരിഗണിച്ചത്. മേപ്പാടി പഞ്ചായത്തിൽത്തന്നെ വീടുകൾ വേണമെന്ന ദുരന്തബാധിതരുടെ ആവശ്യത്തിന് പരിഗണന നൽകിയാണ് വെള്ളിത്തോട് ഇതിനായി സ്ഥലം വാങ്ങിയത്. രണ്ടാംഘട്ടത്തിൽ നൽകുന്ന വീടുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഒരുങ്ങും.
ഗൃഹപ്രവേശന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.