മുംബൈ: മഹാരാഷ്ട്രയിൽ മുംബൈ ഉൾപ്പെടെ 29 നഗരസഭകളിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ്. 75,000 കോടി വാർഷിക ബജറ്റുള്ള മുംബൈയിലാണ് ശ്രദ്ധേയമായ പോര് നടക്കുന്നത്. 2017 ലാണ് അവസാനമായി നഗരസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 2022ൽ ഒ.ബി.സി സംവരണ തർക്കത്തെതുടർന്ന് തെരഞ്ഞെടുപ്പ് നടന്നില്ല. തുടർന്ന് കമീഷണർ ഭരണത്തിലായിരുന്നു നഗരസഭകൾ.
സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. മലയാളികൾ ഉൾപ്പെടെ 1700 പേരാണ് മുംബൈ നഗരസഭകളിലേക്ക് മത്സരിക്കുന്നത്. സി.പി.എമ്മിലെ നാരായണൻ, ധാരാവി മുൻ കൗൺസിലർ ഉദ്ധവ് പക്ഷ ശിവസേനയിലെ ജഗദീഷ് എന്നിവരാണ് മലയാളികളിൽ ശ്രദ്ധേയര്‍. ശിവസേന, എൻ.സി.പി പാർട്ടികളിലെ പിളർപ്പുകൾക്കുശേഷം ആദ്യമായി നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പാണിത്. കാൽനൂറ്റാണ്ടായി ഭരണം കൈയാളിയ മുംബൈ നഗരസഭയിൽ ഉദ്ധവ് താക്കറെ പക്ഷത്തിനിത് ജീവന്മരണ പോരാട്ടമാണ്.
രാജ് താക്കറേയുടെ എം.എൻ.എസും ശരദ്പവാർ പക്ഷ എൻ.സി.പിയുമായി ചേർന്നാണ് ഉദ്ധവ് പക്ഷം മത്സരിക്കുന്നത്. കോൺഗ്രസ് തനിച്ചാണ്. ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും ബി.ജെ.പിയും സഖ്യത്തിലാണ്. നഗരസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഉദ്ധവ് പക്ഷ ശിവസേനയും ബി.ജെ.പിയും പരസ്പരം മത്സരിക്കുന്നത് ഇതാദ്യമായാണ്. മറാത്തി മേയർ എന്നതാണ് ഉദ്ധവ്- രാജ് കൂട്ടുകെട്ടിന്റെ മുദ്രാവാക്യം. ഹിന്ദു - മറാത്തി മേയർ എന്ന മുദ്രാവാക്യമാണ് ബി.ജെ.പിയുടേത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ. മുംബൈയിലും നാഗ്പൂരിലുമായി മുസ്ലിം ലീഗും മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.