കുമളി: മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി ഫയൽ ചെയ്ത കേസിലെ സുപ്രീംകോടതി ഇടപെടൽ തമിഴ്നാടിനു തിരിച്ചടിയാകുമ്പോഴും നേട്ടം കൊയ്യാനാകാതെ കേരളം. മൂന്നംഗ ഉന്നതാധികാര സമിതിയിലെ കേരളത്തിെൻറ പ്രതിനിധിയെ ഇടക്കിടെ മാറ്റുന്നതും അണക്കെട്ടുമായി ബന്ധപ്പെട്ട മുൻ ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കിയതുമാണ് സുപ്രീംകോടതി ഇടപെടൽവരെ കാര്യങ്ങൾ എത്തിച്ചത്.
മുല്ലപ്പെരിയാർ വിഷയത്തിൽ ആദ്യഘട്ടം മുതൽ ഇടപെട്ടിരുന്ന ഉദ്യോഗസ്ഥരെ തസ്തികയും സ്ഥലം മാറ്റവും പരിഗണിക്കാതെ അതേപടി നിലനിർത്തിയാണ് തമിഴ്നാട് മുന്നോട്ടുപോകുന്നത്. എന്നാൽ, കേരളമാകട്ടെ അണക്കെട്ടിലെ പ്രശ്നങ്ങളും തമിഴ്നാടിെൻറ തന്ത്രങ്ങളും മനസ്സിലാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥരെയാണ് അടിക്കടി മാറ്റിനിയമിക്കുന്നത്.
അണക്കെട്ടുമായി ബന്ധപ്പെട്ട് റൂൾ കർവ് ഷെഡ്യൂൾ, ജലനിരപ്പ് നിയന്ത്രിക്കാനുള്ള ഷട്ടർ ഓപറേഷൻ മാന്വൽ, അണക്കെട്ടിലെ വിവിധ ചലനങ്ങൾ, മാറ്റങ്ങൾ എന്നിവ മനസ്സിലാക്കാനുള്ള ഇൻസ്ട്രുമെേൻറഷൻ ഷെഡ്യൂൾ എന്നിവ കേരളത്തിന് നൽകാതെ വർഷങ്ങളായി തമിഴ്നാടിന് മുന്നോട്ടുപോകാനായത് സംസ്ഥാനത്തിെൻറ ഇത്തരം വീഴ്ചകൾ കാരണമാണ്.
കേരളം പ്രളയ ദുരിതത്തിലായപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് ദിവസങ്ങളോളം 142 അടിക്ക് മുകളിലേക്ക് ഉയർത്തിനിർത്തി സംസ്ഥാനത്തെ മുൾമുനയിലാക്കിയതിനു പിന്നിലും കേരളത്തിെൻറ വീഴ്ചക്കൊപ്പം ഉന്നതാധികാര സമിതിയുടെ ഒത്തുകളിയും വ്യക്തമായിരുന്നു. മുഴുവൻ കാര്യങ്ങളും നേരിട്ടെത്തി വിലയിരുത്താൻ നിയോഗിക്കപ്പെട്ട മൂന്നംഗ ഉന്നതാധികാര സമിതി ഏറ്റവും ഒടുവിൽ അണക്കെട്ടിലെത്തിയത് ഈ വർഷം ഫെബ്രുവരി 19നാണ്.
ഇതാകട്ടെ 2020 ജനുവരി 28ലെ സന്ദർശനത്തിനുശേഷം ഒരു വർഷം കഴിഞ്ഞാണെന്നത് ഉന്നതാധികാര സമിതി പ്രവർത്തനത്തിലെ വീഴ്ച വ്യക്തമാക്കുന്നു. സമിതി പ്രവർത്തനത്തിനായി കുമളിയിൽ ഓഫിസ് തുറന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ജീവനക്കാരനെപ്പോലും നിയോഗിച്ചിട്ടില്ല. സമിതിയുടെ സന്ദർശനശേഷമുള്ള യോഗവും ഇപ്പോൾ മറ്റു സ്ഥലങ്ങളിലായി. ഉന്നതാധികാര സമിതിയെ സഹായിക്കാൻ അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ആഴ്ചതോറും അണക്കെട്ടിലെത്തി വിവരങ്ങൾ ശേഖരിക്കാനായിരുന്നു ഇത്. എന്നാൽ, ഉപസമിതി മാസങ്ങളുടെ ഇടവേളകളിൽ മാത്രമാണ് അണക്കെട്ട് സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.