കോഴിക്കോട്: കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനം അവസാനിച്ചിട്ടും വിവാദങ്ങൾ തീരുന്നില്ല. ‘നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പ്രഭാഷകരും അതിഥികളുമായി എത്തിയിരുന്നു. ക്ഷണിക്കപ്പെട്ട ഭൂരിഭാഗം അതിഥികളും പങ്കെടുത്തതും പ്രവർത്തകരുടെ നിറസാന്നിധ്യവും സമ്മേളനം വൻ വിജയമാക്കിയെന്ന വിലയിരുത്തലിലാണ് കെ.എൻ.എം നേതൃത്വം.
ഉദ്ഘാടനച്ചടങ്ങിൽ ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ സാന്നിധ്യം ചർച്ചയായി. പാണക്കാട് തങ്ങന്മാർ എത്താതിരുന്നതാണ് സമ്മേളനം കഴിഞ്ഞപ്പോൾ വിവാദം. സമ്മേളന പ്രോഗ്രാം കമ്മിറ്റി കൺവീനർ കൂടിയായ കെ.എൻ.എം സെക്രട്ടറി മജീദ് സ്വലാഹി ജനം ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കേരളത്തിലെ മുസ്ലിം സംഘടനകളെക്കുറിച്ച് സംഘ്പരിവാർ വൃത്തങ്ങൾ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ ശരിവെക്കുന്ന വിധത്തിൽ സംസാരിക്കുകയും സംഘ്പരിവാറിനെ വെള്ളപൂശുകയും ചെയ്തെന്നാണ് വിമർശനം.
സംഘടന നിലപാടാണ് മജീദ് സ്വലാഹി അഭിമുഖത്തിൽ പറഞ്ഞതെന്ന് പിന്നീട് വാർത്തസമ്മേളനത്തിൽ കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞതോടെ വിമർശനങ്ങൾക്ക് മൂർച്ചകൂടി. അഭിമുഖം അനവസരത്തിലുള്ളതായെന്ന അഭിപ്രായം പ്രവർത്തകരിൽനിന്നും ഉയർന്നു. സമ്മേളനത്തിൽ ശ്രീധരൻപിള്ളയെ ക്ഷണിച്ചത് ആശയസംവാദം ശക്തിപ്പെടുത്താനാണെന്ന് മുജാഹിദ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
ഗോവ ഗവർണർ മുഖ്യാതിഥിയായതിനാൽ ദേശീയഗാനം ആലപിച്ചാണ് പരിപാടി തുടങ്ങിയത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ സവിശേഷതകളെ അട്ടിമറിക്കുന്ന തരത്തിൽ ഉദ്ഘാടനച്ചടങ്ങ് മാറിമറിയാനിടയായത് അണികൾക്കിടയിൽ അതൃപ്തിയുളവാക്കി. സംഗീതത്തോടുള്ള നയത്തിന് വിരുദ്ധമായി സമ്മേളനം തുടങ്ങിയതിൽ അമർഷമുള്ളവരും പ്രവർത്തകരിലുണ്ടായിരുന്നു.
മജീദ് സ്വലാഹിയുടെ അഭിമുഖവും സമ്മേളനത്തിൽ ശ്രീധരൻപിള്ളയുടെ സാന്നിധ്യവും മുൻനിർത്തിയായിരുന്നു ഇടതു അതിഥികൾ സദസ്സിനെ അഭിമുഖീകരിച്ചത്. സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി തുടക്കമിട്ട വിമർശനം മന്ത്രി പി. രാജീവ്, ജോൺ ബ്രിട്ടാസ്, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരും തുടർന്നതിന് പുറമെ, സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത് നേതാക്കൾക്ക് പ്രഹരമായി. ചില വിമർശനങ്ങൾക്ക് പ്രവർത്തകരുടെ കൈയടിയും കിട്ടി.
പാണക്കാട് തങ്ങൾ കുടുംബത്തിൽനിന്ന് ആരും എത്താതിരുന്നതിനെ ചൊല്ലിയുള്ള മുറുമുറുപ്പ് സമ്മേളനം കഴിഞ്ഞും തുടരുകയാണ്. മിക്ക മുജാഹിദ് സമ്മേളനങ്ങൾക്കും പാണക്കാട് കുടുംബത്തിന്റെ പ്രാതിനിധ്യമുണ്ടാകാറുണ്ട്. ക്ഷണിച്ചപ്പോൾതന്നെ സാദിഖലി തങ്ങൾ വിസമ്മതം അറിയിച്ചിരുന്നു. റഷീദലി തങ്ങളും മുനവ്വറലി തങ്ങളും പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുസ്ലിം ലീഗ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തിൽനിന്ന് കെ.എൻ.എം വിട്ടുനിന്നു.
സമ്മേളനത്തിൽനിന്ന് പാണക്കാട് കുടുംബത്തെ സമസ്ത ഭീഷണിമുഴക്കി പിന്മാറ്റിയതിൽ പ്രതിഷേധിച്ചാണ് യോഗത്തിൽനിന്ന് കെ.എൻ.എം വിട്ടുനിന്നതെന്ന് സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി ‘മാധ്യമ’ത്തോട് വ്യക്തമാക്കി. പാണക്കാട് തങ്ങന്മാരെ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല.
സമസ്ത നേതൃത്വമാണ് വീണ്ടുവിചാരം നടത്തേണ്ടത്. സമസ്തയോടൊപ്പം ഇരുന്ന് നേരം കളയുന്നതിൽ കാര്യമില്ലെന്നതിനാലാണ് വിട്ടുനിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനം പ്രതീക്ഷിച്ചതിലും വിജയമായിരുന്നു. സമ്മേളനം ആശയസംവാദ വേദിയായതിനാലാണ് എല്ലാവിഭാഗം നേതാക്കളെയും ക്ഷണിച്ചത്.
ബിനോയ് വിശ്വവും ജോൺ ബ്രിട്ടാസും പറഞ്ഞത് ഉൾക്കൊള്ളാവുന്ന കാര്യങ്ങൾ തന്നെയാണ്. ഒരുതരത്തിലുള്ള ബി.ജെ.പി ബന്ധവും ഉണ്ടായിട്ടില്ല. സൗഹാർദ പ്രതിനിധികൾ എന്നനിലയിലാണ് അവരെ ക്ഷണിച്ചത്. ജനം ടി.വിയിലെ അഭിമുഖത്തിൽ പറഞ്ഞകാര്യങ്ങൾ സംഘടയുടെ ഔദ്യോഗികനയം തന്നെയാണെന്ന് പ്രസിഡന്റ് വ്യക്തമാക്കിയതാണ്. അതു സംബന്ധിച്ച വിമർശനങ്ങൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനം വൻ വിജയമായിരുന്നുവെന്ന് കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.എല്ലാ ദിവസങ്ങളിലും വൻ ജനപങ്കാളിത്തമാണുണ്ടായത്. മുസ്ലിം സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നതുസംബന്ധിച്ച് പറയേണ്ടത് പ്രസിഡന്റാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കോഴിക്കോട്: മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുടെ സമ്മർദം കാരണമാണോ സമ്മേളനത്തിൽനിന്ന് വിട്ടുനിന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു തങ്ങളുടെ പ്രതികരണം.
വേദിയിൽ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായിതന്നെ മറുപടി നൽകേണ്ടിവരും. ഫാഷിസത്തിനെതിരെ എല്ലാവരും ഒരുമിച്ചുനിൽക്കണമെന്നാണ് ലീഗ് നിലപാട്. ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. അതിൽ കേന്ദ്ര സർക്കാറിൽനിന്നോ കേരള സർക്കാറിൽനിന്നോ വീഴ്ചയുണ്ടായാൽ ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് വേദിയിൽ ക്ഷണിക്കപ്പെട്ടവർ അവരവരുടെ കാര്യങ്ങളാണ് പറഞ്ഞതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.