കോഴിക്കോട്ടെ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്‍റെ പേരിട്ടത് ഏത് കപ്പ് കളിച്ചതിന്‍റെ പേരിലാണ് - എം.ടി രമേശ്

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആർ.എസ്.എസ് നേതാവ് എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.

'കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. യുഗപുരുഷനായ ഗുരുജി(ഗോൾവാൾക്കർ)യുടെ പേരുപോലും ഉച്ചരിക്കാൻ അർഹതയില്ലാത്ത പടുപാമര വൃന്ദങ്ങൾ ഓരിയിടട്ടെ, ന്യൂനപക്ഷ വർഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോൺഗ്രസിനും ഗുരുജിയുടെ പേര് കേൾക്കുമ്പോൾ അൽപം വിഷമം കാണും' -രമേശ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പേരിട്ടതിൽ സഖാക്കൾക്ക് ഖേദമുണ്ടായിട്ട കാര്യമില്ല.എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ അദ്ദേഹം രാജ്യത്തിന്‍റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉൾക്കാഴ്ചയും ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആർ.എസ്.എസിന് ശക്തിപകർന്ന അദ്ദേഹം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രസ്ഥാനത്തിന് കരുത്തായി നിന്നെന്നും രമേശ് പറഞ്ഞു.

അല്ലെങ്കിൽ തന്നെ കോഴിക്കോട്ടെ ഫുട്ബോൾ സ്റ്റേഡിയത്തിന് ഇ.എം.എസിന്‍റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറങ്ങിയതിന്‍റെ പേരിലാണെന്നും രമേശ് ചോദിച്ചു.

ഇന്ത്യ ഇൻറര്‍നാഷനല്‍ സയന്‍സ് ഫെസ്റ്റിവലി‍ന്‍റെ (ഐ.ഐ.എസ്.എഫ്) ആതിഥേയ സ്ഥാപനമായ ആർ.‌ജി‌.സി‌.ബിയില്‍ നടന്ന ആമുഖ സമ്മേളനത്തില്‍ നല്‍കിയ വിഡിയോ സന്ദേശത്തിലാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷ് വർധൻ പേരിടുന്നത് കാര്യമറിയിച്ചത്. 'ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്‍റർ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍' എന്നാണ് ഇത് അറിയപ്പെടുക.

പേരിടാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. ഗോൾവാൾക്കറുടെ പേര് നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന് കത്തയച്ചു.

വർഗീയത പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോൾവാൾക്കറിന് ശാസ്‍ത്രവുമായി എന്താണ് ബന്ധമുള്ളതെന്ന് ശശി തരൂർ എം.പി ചോദിച്ചു. മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന പരാമർശത്തിന്‍റെ പേരിലാണ് ഗോൾവാൾക്കർ ഓർമിക്കപ്പെടേണ്ടതെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT