തിരുവനന്തപുരം: കൊച്ചി പുറംകടലിൽ എം.എസ്.സി എൽസ 3 കപ്പൽ മുങ്ങിത്താഴുകയും ഇത് തെക്കൻ തീരദേശമാകെ വൻ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ കേസെടുത്തത് വ്യാപകമായ പ്രതിഷേധത്തിനൊടുവിൽ. പ്രതിപക്ഷവും മത്സ്യത്തൊഴിലാളി മേഖലയാകെയും സർക്കാറിനെതിരെ നിലപാട് കടുപ്പിച്ചതോടെയാണ് സംഭവം നടന്ന് ആഴ്ചകൾക്കു ശേഷം കേസെടുത്തത്.
കപ്പൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്യുന്നെന്ന ആരോപണം ശക്തമായതോടെ, മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായടക്കം സംസാരിക്കുകയും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു. കേസിന്റെ എഫ്.ഐ.ആർ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് ആദ്യം പുറത്തുവിട്ടത്.
സിവിൽ കേസ് നൽകുന്നതാണ് നഷ്ടപരിഹാരം ലഭിക്കുന്നതിന് ഉചിതമെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. കപ്പൽ മുങ്ങിയതിനാൽ ക്രിമിനൽ കേസ് കൊണ്ട് പ്രയോജനമില്ല. എന്നാൽ, അപകടം മൂലം ദുരിതബാധിതരായ വ്യക്തികളോ മത്സ്യത്തൊഴിലാളിയോ പരാതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് അഡ്വക്കറ്റ് ജനറൽ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത 282, 285, 286, 287, 288, 3(5) വകുപ്പുകൾ പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഡി.ജി.പിയോട് സർക്കാർ കഴിഞ്ഞ ദിവസം നിർദേശിച്ചു. തുടർന്നാണ് ആലപ്പുഴ നീർക്കുന്നം സ്വദേശി സി. ഷാംജി നൽകിയ പരാതിയിൽ കേസെടുത്തത്.
അതേസമയം സിവിൽ കേസ് നടപടികളുടെ ഭാഗമായി വിശദമായ വിവരശേഖരണം ആവശ്യമാണെന്നാണ് സർക്കാർ വാദം. എത്രയാണ് നഷ്ടം, ബാധിക്കപ്പെട്ടവർ ആരെല്ലാം, അവരെ എങ്ങനെയെല്ലാം ബാധിച്ചുതുടങ്ങി വിവിധ വശങ്ങൾ പരിശോധിക്കുന്നുണ്ട്.
മുങ്ങിയ കപ്പലിന്റെ ഉടമകളായ ‘എം.എസ്.സി’ കമ്പനിക്കെതിരെ നടപടിയെടുക്കുന്നത് വിഴിഞ്ഞം തുറമുഖത്തെ ബാധിക്കുമെന്ന അഭിപ്രായം നേരത്തേ സർക്കാർ ഔദ്യോഗിക കുറിപ്പിലൂടെ പുറത്തുവന്നത് തീരമേഖലയിൽ വലിയ അമർഷത്തിന് കാരണമായിരുന്നു.
അദാനി പോർട്സുമായും രാജ്യത്തെ വിവിധ തുറമുഖങ്ങളിലെ ചരക്കുനീക്കവുമായും ബന്ധപ്പെട്ട് മുൻനിരയിലുള്ള എം.എസ്.സിയെ പിണക്കേണ്ടെന്നതിൽ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ ഏകാഭിപ്രായക്കാരായിരുന്നു. കേരളത്തിന്റെ സമുദ്രാതിർത്തിക്ക് പുറത്താണെന്ന വാദം തുറമുഖമന്ത്രിയടക്കം ആദ്യം ഉന്നയിച്ചെങ്കിലും ഈ നിലപാടുകൾ മാറ്റാൻ സർക്കാർ നിർബന്ധിതമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.