തിരുവനന്തപുരം: മലയാളിക്ക് ഏറെ പരിചിതമല്ലാത്ത കിക്ക് ബോക്സിങ് എന്ന കായിക ഇനത്തിലൂടെ ഇന്ത്യക്കായി ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് സ്വപ്നം കാണുന്ന തിരുവനന്തപുരം സ്വദേശിനിയായ എം.എസ്. സഞ്ജുവെന്ന 24 കാരിക്ക് ഇനി മുന്നോട്ടുള്ള പ്രയാണം എങ്ങനെയെന്ന കാര്യത്തിൽ ഒരുപിടിയുമില്ല. ഈ മാസം പത്തിന് തായ്‍ലൻഡിൽ ആരംഭിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അടുത്ത ദിവസം യാത്ര തിരിക്കണം. എന്നാൽ രണ്ടര ലക്ഷത്തിൽ കൂടുതൽ രൂപയാണ് ടിക്കറ്റിനും മറ്റ് ചിലവുകൾക്കുമായി വേണ്ടത്. എന്നാൽ അതെങ്ങനെയുണ്ടാക്കുമെന്നറിയാതെ വലയുകയാണ് ഈ താരം. സാമ്പത്തിക പ്രതിസന്ധി കാരണം യാത്ര സാധ്യമാകുമോ എന്ന ആശങ്കയിലുമാണ് അവൾ. ഇനി സുമനസുകളുടെ സഹായമില്ലാതെ യാത്ര നടക്കില്ലെന്ന് കണ്ഠമിടറി സഞ്ജു പറയുന്നു.
കിക്ക് ബോക്സിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ബോക്സിങ്ങിനെ സ്‌നേഹിക്കുന്ന വ്യക്തികളോ സംഘടനകളോ സ്‌പോൺസർഷിപ്പുമായി വന്നാൽ മാത്രമേ ഇനി യാത്ര സാധ്യമാകൂ. ഈ മാസം പത്ത് മുതൽ 18 വരെയാണ് ചാമ്പ്യൻഷിപ്പ്. സ്‌പോൺസർഷിപ്പ് വാഗ്ദാനം നൽകിയിരുന്ന വ്യക്തി അവസാനഘട്ടത്തിൽ പിന്മാറിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്.
ഏറെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ നിന്നാണ് സഞ്ജു ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് സ്വപ്നം കാണുന്നത്. കിക്ക് ബോക്സിങ് എന്ന കായിക ഇനത്തെ ഏറെ ഇഷ്ടപ്പെടുകയാണ് ഇവൾ. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ബി.എസ്.സി മാത്തമാറ്റിക്സ് പഠിച്ച സഞ്ജു ബ്രഹ്‌മോസിൽ കുറച്ചുകാലം താൽക്കാലികമായി ജോലി ചെയ്തു. ബോക്സിങ്ങിനോട് കുട്ടിക്കാലം മുതൽ ഇഷ്ടം തോന്നി പരിശീലനം ആരംഭിച്ച യുവതി കിക്ക് ബോക്സിങ്ങിലൂടെ തന്‍റെ ജീവിതം സുരക്ഷിതമാകുമെന്ന് തിരിച്ചറിഞ്ഞാണ് മൂന്ന് വർഷമായി ഈ ഇനത്തിലേക്ക് കടന്നത്.
ഉസ്ബെക്കിസ്ഥാനിൽ നടന്ന അന്താരാഷ്ട്ര മൽസരത്തിൽ വെങ്കലം, ഓപൺ ചാമ്പ്യൻഷിപ്പിൽ വെള്ളി, കഴിഞ്ഞ രണ്ട് വർഷമായി ദേശീയ തലത്തിൽ സ്വർണം എന്നിവ നേടിയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ശേഷമാണ് കിക്ക് ബോക്സിങ് മേഖലയിലെത്തിയത്. കല്ലിയൂർ കാവുങ്ങൽ പുത്തൻ വീട്ടിൽ ചുമട്ടുതൊഴിലാളിയായ എസ്. സജിയുടെയും മഞ്ജുവിന്റെയും മകളാണ്. തുഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. വീട് ജപ്തിഭീഷണിയിലും അമ്മൂമ്മയുടെ ചികിൽസാ ചിലവുമെല്ലാം കൂടി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബം നേരിടുന്നത്.
സഹായത്തിനായി മന്ത്രിയെ ഉൾപ്പെടെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അത് വിജയം കണ്ടിട്ടില്ല. കിക്ക് ബോക്സിങ്ങിന് സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്‍റെ അംഗീകാരമില്ലാത്തതിനാൽ സർക്കാർതല സഹായങ്ങളും ലഭ്യമല്ല. 2023ഓടെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതരും. തനിക്കൊപ്പം അന്താരാഷ്ട്ര മൽസരങ്ങളിൽ മെഡൽ ലഭിച്ച താരങ്ങൾക്ക് അവരുടെ സംസ്ഥാനങ്ങൾ ലക്ഷങ്ങൾ സമ്മാനം നൽകുമ്പോഴാണ് മീറ്റിൽ പങ്കെടുക്കാൻ പോകാൻ കഴിയാതെ ഈ അന്താരാഷ്ട്രതാരം വലയുന്നത്.
തിരുവല്ലം സ്വദേശി എ.എസ് വിവേകാണ് സഞ്ജുവിന്‍റെ പരിശീലകൻ. ബാങ്കോക്കിൽ നടക്കുന്ന കിക്ക് ബോക്സിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ റഫറിയായി ഇദ്ദേഹവും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.