എം.എസ്.കുമാർ 

വായ്പയെടുത്ത് തിരിച്ചടക്കാത്തവരെ ബി.ജെ.പി നേതാക്കളായി ഉയർത്തിക്കാണിക്കരുത്, അടവ് മുടക്കിയവരുടെ പേര് വെളിപ്പെടുത്തും, എഫ്.ബി പോസ്റ്റ് മുന്നറി​യിപ്പ് -എം.എസ്.കുമാർ

തിരുവനന്തപുരം: തന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിൽ നിന്ന് വൻതുക വായ്​പയെടുത്ത് തിരിച്ചടക്കാത്ത പാർട്ടി നേതാക്കൾക്കെതിരെ വീണ്ടും തുറന്നടിച്ച് ബി.ജെ.പി നേതാവ് എം.എസ് കുമാര്‍. ലക്ഷങ്ങൾ വായ്പയെടുത്ത് വർഷങ്ങളായി തിരിച്ചടക്കാതെ നടക്കുന്നവ​രെ നേതാക്കളായി ബി.​ജെ.പി ബഹുജനമധ്യത്തിൽ ഉയർത്തിക്കാട്ടരുതെന്ന് കുമാർ പറഞ്ഞു.

വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നതെന്നും ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നും എം.എസ്. കുമാര്‍ പറഞ്ഞു. ‘10 വര്‍ഷത്തിലധികമായി തിരിച്ചടയ്ക്കാത്തവര്‍ക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? ബി.ജെ.പിയുടെ ആരുമല്ല ഞാനെന്ന ബോധ്യം ഇപ്പോഴാണ് വന്നത്. ഞാന്‍ ബി.ജെ.പിയുടെ ആരുമല്ലെന്ന് പറഞ്ഞത് എസ്. സുരേഷാണ്. അത്യുന്നതനായ നേതാവാണ് അദ്ദേഹം. സുരേഷ് പറഞ്ഞാല്‍ അത് അവസാന വാക്കാണ്. ഇത്രയും ​പ്രതിസന്ധി നേരിടുന്ന സംഘത്തിൽ ഉത്തരവാദിത്വപ്പെട്ട നേതാക്കളെങ്കിലും വായ്പ തിരിച്ചടക്കണ്ടേ? സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തലിന് പിന്നാലെ വായ്പകൾ 15നകം തിരിച്ചടക്കുമെന്ന് ഉറപ്പുകിട്ടിയിട്ടുണ്ട്. വിമർശനമുന്നയിച്ചതിന്റെ പേരിൽ റേഷൻ കാർഡും ഗ്യാസ് കണക്ഷനുമൊന്നും മുടക്കാനാവില്ലല്ലോ. അങ്ങിനെയുണ്ടായാലേ അതിനെ ഗൗരവമായി കാണുന്നുള്ളൂ. ഇപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ എന്നെ അറിയിക്കാറില്ല. വായ്പ എടുത്ത നേതാക്കളെക്കുറിച്ച് വെളിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് ഉടന്‍ തന്നെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓര്‍മപ്പെടുത്തലാണ്,’ എം.എസ്. കുമാര്‍ കൂട്ടിച്ചേർത്തു.

താന്‍ നേതൃത്വം നല്‍കുന്ന അനന്തപുരി സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരില്‍ ബി.ജെ.പി സംസ്ഥാന ഭാരവാഹികളും ഉണ്ടെന്ന് എം.എസ്. കുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. അവസാന നാളുകളില്‍ അനില്‍ അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മര്‍ദ്ദം തനിക്ക് ഊഹിക്കാന്‍ കഴിയുമെന്നും സമാന സാഹചര്യത്തിലൂടെയാണ് താനും കടന്നുപോകുന്നതെന്നും എം.എസ്. കുമാർ പറഞ്ഞിരുന്നു. ശനിയാഴ്ചയും കുമാർ ഇത് ആവർത്തിച്ചു.

‘മരിച്ചുകഴിഞ്ഞ് നെഞ്ചത്ത് റീത്ത് വെക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ഞാന്‍ കൂടി ഉള്ള സംഘത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ള 70 ശതമാനം പേരും എന്റെ പാര്‍ട്ടിക്കാരാണ്. തിരിച്ചടക്കാത്തവരില്‍ 90 ശതമാനവും അതേ പാര്‍ട്ടിക്കാര്‍ തന്നെ. അതില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന ഭാരവാഹികള്‍ (സെല്‍ കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ)ഉണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നമ്മുടെ സഹയാത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്,’ എന്നായിരുന്നു എം.എസ്.കുമാറി​ന്റെ അന്നത്തെ പരാമർശം.

സെപ്റ്റംബര്‍ 20ന് രാവിലെയായിരുന്നു തിരുവനന്തപുരം നഗരസഭ ബി.ജെ.പി കൗണ്‍സിലറായിരുന്ന തിരുമല അനിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബി.ജെ.പി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന അനി​ലിനെ തിരുമലയിലെ ഓഫീസ് മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് അനില്‍ അധ്യക്ഷനായ വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നായിരുന്നു വിവരം. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ അനിലിന്റെ കൈപ്പടയിലെഴുതിയ കുറിപ്പില്‍ നിന്ന് ലഭിച്ചിരുന്നു. അനിലിന്റെ മരണത്തോട് പ്രതികരിക്കവെയായിരുന്നു നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.എസ്. കുമാർ രംഗത്തെത്തിയത്. 

Tags:    
News Summary - ms kumar against bjp leaders defaulted loans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.