പ്രതീകാത്മക ചിത്രം

ലേണേഴ്സ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‍കരിച്ച് മോട്ടോർ വാഹന വകുപ്പ്; ചോദ്യങ്ങളും സമയവും വർധിപ്പിച്ചു; ഡ്രൈവിങ് സ്കൂളുകാർക്കും ഉദ്യോഗസ്ഥർക്കും പരീക്ഷ

തിരുവനന്തപുരം: ​കേരളത്തിൽ വാഹ​നമോടിക്കാനുള്ള ലൈൻസ് ലഭ്യമാകുന്നതിനുള്ള ടെസ്റ്റുകൾ പരിഷ്‍കരിച്ചും പഴയരീതിയിൽ നിന്ന് മാറ്റങ്ങൾ നിർദേശിച്ചതും ഗതാഗതി മന്ത്രി കെ.ബി.ഗണേഷ് കുമാറാണ്. ലൈസൻസിന് മുൻപ് ലഭിക്കുന്ന ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയിലും പുതിയ മാറ്റം കൊണ്ടുവരികയാണ് ​മോട്ടോര്‍ വാഹന വകുപ്പ്.

ലേണേഴ്‌സ് ലൈസൻസിനുള്ള ഓൺലൈൻ പരീക്ഷയിലെ ചോദ്യങ്ങളുടെയും ശരിയാക്കേണ്ട ഉത്തരങ്ങളുടെയും എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്.20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയാക്കിയാൽ ലേണേഴ്സ് ലൈസൻസ് നൽകുന്നതായിരുന്നു നിലവിലെ രീതി. എന്നാല്‍, ഇനി മുതൽ 30 ചോദ്യങ്ങളില്‍ നിന്ന് 18 എണ്ണത്തിന് ശരിയായ ഉത്തരം നല്‍കിയാല്‍ മാത്രമേ പരീക്ഷ ജയിക്കൂ. ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ 15 സെക്കൻഡ് ആയിരുന്നെങ്കിൽ പുതിയ സംവിധാനത്തില്‍ 30 സെക്കൻഡാണ് സമയപരിധി.

ഡ്രൈവിങ് സ്കൂളിൽ നിന്ന് നൽകുന്ന ചോദ്യോത്തരങ്ങൾ അടങ്ങിയ പുസ്തകങ്ങൾക്ക് പകരം പുതിയ എം.വി.ഡി ലീഡ്‌സ് മൊബൈല്‍ ആപ്പില്‍ സിലബസ് ഉണ്ടാകും. പരിശീലന പരീക്ഷ എഴുതാനുളള സൗകര്യവും ആപ്പിലുണ്ടാകും. ആപ്പിലെ മോക്ക് ടെസ്റ്റുകള്‍ വിജയിക്കുന്നവര്‍ക്ക് റോഡ് സുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യവും ഗതാഗതവകുപ്പ് ആലോചിക്കുന്നുണ്ട്.

ആപ് ഡൗണ്‍ലോഡ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ ലഭിക്കുന്ന സൗകര്യവും ഏര്‍പ്പെടുത്തും. ഈ സര്‍ട്ടിഫിക്കറ്റ് നേടുന്നയാളുകള്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രീ ഡ്രൈവിങ് ക്ലാസില്‍ പങ്കെടുക്കാതെ തന്നെ നേരിട്ട് റോഡ് ടെസ്റ്റിലും മറ്റും പങ്കെടുക്കാനാകും.

ഡ്രൈവിങ് പരിശീലിപ്പിക്കുന്നയാളുകള്‍, ലൈസന്‍സ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ലീഡ്സ് ആപ് ടെസ്റ്റ് നിർബന്ധമായും പാസാകണം.കൂടാതെ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസാകണം. സര്‍വിസ് ആനുകൂല്യങ്ങളെ ഇതു ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Tags:    
News Summary - Motor Vehicles Department revises learner's driving test; questions and time increased; test for driving school staff and officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.