കരുതൽ മേഖലയിൽ ലക്ഷത്തിലേറെ നിർമിതികൾ

തിരുവനന്തപുരം: സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ കരുതൽ മേഖലയിൽ ഇതുവരെ കണ്ടെത്തിയത് ഒരു ലക്ഷത്തിലധികം നിര്‍മിതികള്‍. വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്‍പ്പെടെ ഉപഗ്രഹ സര്‍വേയിലൂടെ ആദ്യം കണ്ടെത്തിയ 49,000ത്തോളം നിര്‍മിതികള്‍ക്ക് പുറമെ, കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ (കെ.എസ്.ആർ.ഇ.സി) ‘ലൊക്കേഷന്‍ മാപ്പര്‍’ ആപ്പുവഴി നടത്തിയ സര്‍വേയില്‍ 54,000 നിര്‍മിതികള്‍കൂടി കണ്ടെത്തി.

ഇതുകൂടാതെ കരുതൽ മേഖല പരിധിയിലെ 85 ത്രിതലപഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുള്ള ഹെല്‍പ് ഡെസ്ക്കുകളില്‍ വ്യാഴാഴ്ചവരെ 47,786 പരാതികളും ലഭിച്ചു. ഇതില്‍ 7598 പരാതികള്‍ തീര്‍പ്പാക്കി. എല്ലാംകൂടി കണക്കാക്കുമ്പോൾ ഒരുലക്ഷത്തിന് മുകളിൽ നിർമിതികൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി.

ഹെൽപ് ഡെസ്ക് വഴി ലഭിച്ച പരാതികളില്‍ കൂടുതലും ഉപഗ്രഹ സര്‍വേയില്‍ വിട്ടുപോയ നിര്‍മിതികള്‍ സംബന്ധിച്ചുള്ളതാണ്. കരുതൽ മേഖലയിലെ ജനങ്ങള്‍ തുടക്കത്തില്‍തന്നെ ഉയര്‍ത്തിയ ആശങ്കകള്‍ പൂര്‍ണമായും ശരിവെക്കുന്ന കണക്കുകളാണിത്.

ഈ ഡാറ്റാകള്‍ ഇതിനോടകം അപ്ലോഡ് ചെയ്തതായി വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്ക്കുകളിലേക്ക് പരാതി നൽകാനുള്ള സമയപരിധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്. ഇതുകൂടി കഴിയുമ്പോള്‍ 60,000 നു മുകളില്‍ പരാതികള്‍ ഹെല്‍പ് ഡെസ്ക്കുകളില്‍ മാത്രം ലഭിക്കുമെന്നാണ് കണക്ക്. വ്യാഴാഴ്ച മാത്രം 8877 പരാതികളാണ് ലഭിച്ചത്.

ഇതിനിടെ കരുതൽ മേഖല കേസ് സുപ്രീംകോടതി ജനുവരി 11ന് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അന്നുതന്നെ പരിഗണിക്കുമെന്നതിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്‍റെ കേസും കേരളത്തിന്‍റെ റിവ്യൂ ഹരജിയുമാണുള്ളത്.

Tags:    
News Summary - More than 100,000 structures in buffer zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.