തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്ന കേസിൽ അറസ്റ്റിലായ പ്രതി വിനീത് വിജയനെതിരെ കൂടുതൽ പരാതികൾ. സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേഡ് കൈക്കലാക്കിയെന്നുമാണ് വീട്ടമ്മയായ യുവതി തമ്പാനൂർ പൊലീസിനു പരാതി നൽകിയത്. ഇയാൾക്കെതിരെ നിരവധി സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ തയാറാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ കൃഷ്ണൻ അമ്പലത്തിനു സമീപം വിനീത് വിജയനെയാണ് (25) കഴിഞ്ഞ ദിവസം തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ആഡംബര ജീവിതം നയിച്ചിരുന്ന പ്രതിയുടെ ചൂഷണത്തിന് നിരവധി സ്ത്രീകൾ ഇരയായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വിവാഹിതരായ സ്ത്രീകളുമായാണ് അധികവും ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ പരിചയം സൃഷ്ടിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ടിപ്പുകൾ പറഞ്ഞുതരാമെന്ന് വാഗ്ദാനം ചെയ്ത് സൗഹൃദത്തിലാകും. സൗഹൃദം മുതലെടുത്ത് ചൂഷണം ചെയ്യുകയുമാണ് രീതി.
വിവാഹിതരായ സ്ത്രീകൾ പരാതിപ്പെടാൻ മടിക്കുമെന്നതിനാലാണ് പ്രതി ഇത്തരക്കാരുമായി കൂടുതൽ അടുപ്പം സൃഷ്ടിച്ചിരുന്നത്. സ്വകാര്യ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്വേഡുകളും കൈക്കലാക്കിയും സ്ത്രീകളെ ബ്ലാക്മെയിൽ ചെയ്യും. പ്രതിയെ അറസ്റ്റ് ചെയ്തതോടെ ഇയാൾക്കൊപ്പം വിഡിയോ ചെയ്ത പല അക്കൗണ്ടുകളും അപ്രത്യക്ഷമായിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള പ്രതി ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് ആഡംബര ജീവിതത്തിന് ഉപയോഗിച്ചിരുന്നത്. പൊലീസിലാണെന്നും ചാനൽ അവതാരകനാണെന്നുമൊക്കെയാണ് സ്ത്രീകളോട് പറഞ്ഞിരുന്നത്. ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുചെയ്യുന്ന സ്ക്രീൻ ഷോട്ടുകളും ഉൾപ്പെടെ കണ്ടെടുത്തിരുന്നു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തിരുവനന്തപുരം നഗരത്തിലെ കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ടിക്-ടോക്കിൽ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സുണ്ടായിരുന്നെന്നും സിനിമ രംഗത്ത് പ്രവർത്തിക്കുകയാണെന്നും ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. കാറിൽ കയറ്റി കൊണ്ടുപോയ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറി. ഇതിൽ പ്രതികരിച്ച് തിരികെ പോയ പെൺകുട്ടിയോട് പ്രതി പിന്നീട് ക്ഷമാപണം നടത്തി. വിവാഹം കഴിക്കാൻ തയാറാണെന്ന് വീണ്ടും വാഗ്‌ദാനം നൽകി.
തുടർന്ന് പെൺകുട്ടിയുമൊന്നിച്ച് ഒരു കാർ ഷോറൂമിലെത്തി. പുതിയ കാർ വാങ്ങാൻ ഓർഡർ നൽകിയ ശേഷം തമ്പാനൂരിലെ ഹോട്ടലിലേക്ക് എത്തി. ഇവിടെ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്. തുടർന്ന് പെൺകുട്ടി തമ്പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ തൃശൂർ സൈബർ പൊലീസിലും ഇയാൾക്കെതിരെ കേസുണ്ടെന്ന് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മറ്റു യുവതികൾക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും പൊലീസ് കണ്ടെത്തി.
പ്രതിക്കെതിരെ നേരത്തെ മോഷണക്കേസുകളും നിലവിലുണ്ട്. കല്ലമ്പലത്തുള്ള കല്യാണ മണ്ഡപത്തിലെ കോംപൗണ്ടിൽ പാർക്കു ചെയ്തിരുന്ന കാറിൽനിന്നും സ്വർണം മോഷ്ടിച്ചതിനു അഞ്ചുവർഷം മുൻപ് വിനീതിനെതിരെ കേസെടുത്തിരുന്നു. ബൈക്ക് മോഷണത്തിനു കന്റോൺമെന്റ് സ്റ്റേഷനിലും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.