കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ കുരുക്ക് മുറുക്കാൻ ഒരുങ്ങി പൊലീസ്. ബോബിയുടെ യുട്യൂബ് വിഡിയോകൾ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. സമാനമായ വിധത്തിൽ ബോബി മറ്റുള്ളവർക്കെതിരെയും അധിക്ഷേപവും ദ്വയാർഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.
ബോബിയുടെയും അദ്ദേഹം ഉൾപ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരികയാണ്. വിവിധ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ ബോബി ചെമ്മണൂർ ഹണി റോസിനു പുറമെ മറ്റു നടിമാർക്കെതിരെയും യുട്യൂബ് ചാനൽ പരിപാടി നടത്തുന്നവർക്കെതിരെയും ദ്വയാർഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ട് എന്ന പരാതികൾ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിലാവും പൊലീസ് നടപടിയുണ്ടാവുക.
ഇത്തരത്തിലുള്ള ഒട്ടേറ വിഡിയോകൾ ഇപ്പോൾ ലഭ്യമാണ്. ഇത് പരിശോധിച്ച് കൂടുതൽ നടപടികൾ എടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താൻ പങ്കെടുക്കുന്ന മറ്റ് പരിപാടികളിൽ പോലും പിന്തുടർന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്ന് ഹണി റോസ് പരാതിപ്പെട്ടിരുന്നു.
ഈ വിഷയത്തില്‍ ഹണി റോസിൽ നിന്ന് കൂടുതൽ മൊഴി എടുക്കുന്ന കാര്യവും എറണാകുളം സെൻട്രൽ പൊലീസ് ആലോചിക്കുന്നുണ്ട്. ഇത്തരത്തിൽ പിന്തുടർന്ന് ശല്യം ചെയ്യുന്നത് 3 വർഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.