മൊറാഴ പട്ടയം യാഥാര്‍ഥ്യമായി

തിരുവനന്തപുരം : തളിപറമ്പ് താലൂക്കിലെ മൊറാഴ വില്ലേജില്‍ 135 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 64 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1958 ലെ സര്‍ക്കാര്‍ മൊറാഴ നിവാസികളായ 28 കുടുംബങ്ങള്‍ക്ക് 28 ഏക്കര്‍ ഭൂമിയില്‍ താത്കാലിക പട്ടയം നല്‍കുകയുണ്ടായി.

എന്നാല്‍ അതിന് ഭൂമിയുടെ ആധികാരിക രേഖയായി കണക്കാക്കിയിരുന്നില്ല. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഭൂമി കൈമാറ്റത്തിലൂടെയും അനന്തരാവകാശ കൈമാറ്റത്തിലൂടെയും ഈ 28 ഏക്കര്‍ ഭമി 135 കുടുംബങ്ങളുടെ കൈവശത്തില്‍ വന്നു ചേര്‍ന്നിരുന്നു. ആ ഭൂമിക്ക് അവര്‍ കരം അടച്ചിരുന്നെങ്കിലും ഭൂമിയുടെ ക്രയവിക്രയത്തിന് ആധിരകാരിക രേഖയായ പട്ടയം ലഭിച്ചിരുന്നില്ല.

1958 ല്‍ താത്കാലിക പട്ടയം നല്‍കിയ സമയത്ത് മൊറാഴ വില്ലേജ് ഉള്‍പ്പെട്ട ആന്തൂര്‍ പ്രദേശം പഞ്ചായത്ത് ആയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ആന്തൂര്‍ നഗരസഭയായി മാറിയപ്പോള്‍ മുന്‍സിപ്പല്‍ ഭൂ പതിവ് ചട്ടം ബാധകമായി. അതുകൊണ്ട് തന്നെ മുന്‍സിപ്പല്‍ ഭൂപതിവ് ചട്ടം അനുസരിച്ച് ഒരാള്‍ക്ക് പതിച്ചു കൊടുക്കാന്‍ കഴിയുന്ന പരമാവധി ഭൂമി 10 സെന്റ് ആണെന്നതാണ് ഇവര്‍ക്ക് പട്ടയം അനുവദിച്ചു നല്‍കാന്‍ തടസമായി നിലനിന്നിരുന്നത്.

ഈ 135 ആളുകളില്‍ ഭൂരിഭാഗം ആളുകളും 10 സെന്റില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ച് പോന്നിരുന്നവരാണ്. ഈ പ്രശ്നത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്. 1995 ലെ ഭൂപതിവ് ചട്ടത്തിലെ ചട്ടം 21 പ്രകാരം ഒരു പ്രത്യേക കേസായി പരിഗണിക്കണമെന്നും പ്രദേശം മുന്‍സിപ്പാലിറ്റി ആവുന്നതിന് മുന്‍പ് പഞ്ചായത്തായിരുന്ന സമയത്ത് പട്ടയം നല്‍കിയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ നിയമപരമായ തടസം ഉണ്ടാകുമായിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ.രാജന്‍ അഭിപ്രായപ്പെടുകയായിരുന്നു.

ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് താത്കാലിക പട്ടയത്തിന്റെ അടിസ്ഥാനത്തില്‍ 64 വര്‍ഷത്തിലധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കണമെന്ന് മന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിലേക്ക് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗം ഈ വിഷയം പരിഗണിച്ചതോടെ  മൊറാഴ നിവാസികളുടെ ദീര്‍ഘ കാലത്തെ സ്വപ്നം സാക്ഷാത്ക്കരിക്കുകയും ചെയ്തു.

Tags:    
News Summary - Morazha Pattayam has become a reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.