മരിച്ചവരുടെ പണം തട്ടിയെന്ന്; സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്പെൻഷൻ

പത്തനംതിട്ട: പുല്ലാട് സർവിസ് സഹകരണ ബാങ്കിൽ (നമ്പർ1375) അംഗങ്ങളായിരുന്ന മരണപ്പെട്ടവരുടെ സ്ഥിരം നിക്ഷേപത്തിൽനിന്ന് പണം തട്ടിയെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി ആൻസി കുരുവിളയെ സസ്പെന്‍ഡ് ചെയ്തു. പരേതരായ ഓവനലിൽ തോമസ് ഈപ്പ‍െൻറയും കുന്നപ്പുഴ സി.എ യോഹന്നാ‍െൻറയും നിക്ഷേപങ്ങളിൽനിന്ന് 2000 രൂപ വീതം പിൻവലിച്ചതായി തെളിഞ്ഞെന്ന് താൽക്കാലിക ഭരണസമിതി കൺവീനറും കോയിപ്രം ബ്ലോക്ക് അംഗവുമായ അനീഷ് കുന്നപ്പുഴ പറഞ്ഞു.

ഈമാസം 10ന് ചേർന്ന ഭരണസമിതിയാണ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാൻ സഹകരണ വകുപ്പിനോട് ശിപാർശ ചെയ്തത്.ആഗസ്റ്റ് ഒൻപതിലെ രജിസ്റ്റർ പരിശോധിച്ചപ്പോൾ അനധികൃതമായി പണം പിൻവലിച്ചെന്ന് ബോധ്യപ്പെട്ടെന്നും ഒപ്പിട്ടിരിക്കുന്നത് സെക്രട്ടറി ആൻസിയാണെന്നും വ്യക്തമായി. കാരണം കാണിക്കൽ നോട്ടീസിന് ലഭിച്ച മറുപടിയിൽ ഇവർ ക്രമക്കേട് നടന്നതായി അംഗീകരിച്ച സാഹചര്യത്തിൽ അസിസ്റ്റൻറ് രജിസ്ട്രാർക്ക് പരാതി നൽകി.

പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് ആവശ്യം. മറ്റ് നിക്ഷേപങ്ങളിൽ സമാന ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നു. പകരം ചുമതല ജൂനിയർ ക്ലർക്ക് ശാലിനി എസ്. പണിക്കർക്ക് കൈമാറി.വർഷങ്ങൾക്ക് മുമ്പ് 13 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവവും ഈ ബാങ്കിൽ ഉണ്ടായിട്ടുണ്ട്.

തുടർന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്ക് വളം ഡിപ്പോ, മെഡിക്കൽ സ്റ്റോർ, കണ്ണാടി കട എന്നിവ സ്ഥാപിച്ച് കരകയറുന്നതിനിടെയാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്. കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടക്കാതെ ഉദ്യോഗസ്ഥ ഭരണത്തിലായ ബാങ്കിൽ അടുത്തിടെയാണ് ഇടതുപക്ഷ അംഗങ്ങളായ മൂന്നംഗ താൽക്കാലിക ഭരണസമിതിയെ നിയമിച്ചത്.

Tags:    
News Summary - money was stolen; Suspension of Co-operative Bank Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.