കൈ വെട്ടി മാറ്റപ്പെട്ട വിജയരാജൻ, ആക്രമണം നടത്തിയ ബിനു ഇൻസെറ്റിൽ

പണമിടപാട് തർക്കം: അടിമാലിയിൽ യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റി

ഇടുക്കി: പണമിടപാട് തർക്കത്തെ തുടർന്ന് ഇടുക്കി അടിമാലിയിൽ യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി സ്വദേശിയും തടിപ്പണിക്കാരനുമായ വിജയരാജന്‍റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. പ്രതി പൊളിഞ്ഞപാലം സ്വദേശിയും തടി വ്യാപാരിയുമായ ബിനുവിനെ കസ്റ്റഡിയിലെടുത്തു.

തടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാടാണ് തർക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. ഇന്നലെ വൈകിട്ടാണ് വാഹനം തടഞ്ഞുനിർത്തി വിജയരാജനെ ബിനു ആക്രമിക്കുന്നത്. വാഹനത്തിന് പുറത്തിറങ്ങിയ വിജയരാജന്‍റെ കൈ വെട്ടിമാറ്റുകയായിരുന്നു.

ആക്രമണ സമയത്ത് വിജയരാജനൊപ്പം സഹോദരി പുത്രൻ അഖിലും ഉണ്ടായിരുന്നു. അഖിൽ ഉടൻ തന്നെ ഗുരുതര പരിക്കേറ്റ വിജയരാജനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിജയരാജന്‍റെ കൈ തുന്നിചേർത്തിട്ടുണ്ട്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

വിജയരാജനും ബിനുവും തമ്മിൽ മുമ്പും തർക്കം ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടിലെ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് ബിനു മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദ അന്വേഷണം പൊലീസ് ആരംഭിച്ചു.

Tags:    
News Summary - Money dispute: Man's palm cut off in Adimali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.