പണക്കിഴി വിവാദം: തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷക്കെതിരെ വിജിലൻസ് കേസ്

കാക്കനാട്: ഏറെ വിവാദം സൃഷ്ടിച്ച തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ മുൻ അധ്യക്ഷ അജിത തങ്കപ്പനെതിരെ വിജിലൻസ് കേസെടുത്തു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചു. സ്വതന്ത്ര കൗൺസിലറായ പി.സി. മനൂപിന്‍റെ പരാതിയിലാണ് നടപടി. അജിത തങ്കപ്പൻ ഒന്നും അന്നത്തെ റവന്യൂ ഇൻസ്പെക്ടർ യു. പ്രകാശ് കുമാർ രണ്ടും പ്രതിയായാണ് വിജിലൻസ് എറണാകുളം യൂനിറ്റ് റിപ്പോർട്ട് സമർപ്പിച്ചത്.

ഓണാഘോഷത്തിന്‍റെ ഏകോപന ചുമതലയുണ്ടായിരുന്ന പ്രകാശ് കുമാറും അജിതയും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി 10 ലക്ഷം രൂപ മുൻകൂർ കൈപ്പറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2021ലെ ഓണാഘോഷം, ജനകീയാസൂത്രണത്തിന്‍റെ 25ാം വാർഷികം, സ്വാതന്ത്ര്യദിനം, ചിങ്ങം ഒന്ന്, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ എന്നീ പരിപാടികളുടെ ചെലവുകൾ അധികരിച്ച് കാണിച്ചു.

റവന്യൂ ഇൻസ്പെക്ടർ പ്രകാശ് കുമാർ കാക്കനാട് കുന്നുംപുറം ഏജൻസീസിൽനിന്ന് ഒന്നും രേഖപ്പെടുത്താതെ വാങ്ങിയ ബില്ലിൽ 80,500 രൂപയുടെയും തൃക്കാക്കരയിലുള്ള പായസക്കലവറ എന്ന സ്ഥാപനത്തിന്‍റെ പേരിൽ 1.15 ലക്ഷം രൂപയുടെയും കാക്കനാട്ടെ ഹൈലൈറ്റ് ഫോട്ടോഗ്രാഫിയുടെ പേരിൽ 10,000 രൂപയുടെയും കൃത്രിമ ബില്ലുകൾ സമർപ്പിച്ച് നഗരസഭ തനത് ഫണ്ട് ദുരുപയോഗം ചെയ്തതായാണ് വിജിലൻസ് കെണ്ടത്തൽ.

ഇതിനുപുറമേയാണ് 2021 ആഗസ്റ്റ് 17ന് കൗൺസിലർമാരെ ഓഫിസിൽ വിളിച്ചുവരുത്തി ഓണക്കിറ്റും 10,000 രൂപ അടങ്ങിയ കവറും നൽകിയതെന്ന് വിജിലൻസ് കണ്ടെത്തിയത്.

Tags:    
News Summary - Money Controversy: Vigilance Case Against Ex-Chairman of Thrikkakara Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.