തെറ്റ് തിരുത്തിയവരെ തിരിച്ചെടുത്ത ചരിത്രം പാര്‍ട്ടിക്കുണ്ട്; എം.വി. ഗോവിന്ദനെ തള്ളി ഇ.പി. ജയരാജൻ

കണ്ണൂര്‍: എം.എൽ.എമാരായ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും തെറ്റുതിരുത്തിയാൽ സി.പി.എമ്മിൽ തിരിച്ചുവരാമെന്ന എം.വി. ജയരാജന്റെ പരാർമശത്തെ ചൊല്ലിയും പാർട്ടിയിൽ ഭിന്നത. എം.വി. ജയരാജനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിയതിനു പിന്നാലെ വിഷയത്തിലിടപ്പെട്ട് കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ രംഗത്തെത്തി.

തെറ്റ് തിരുത്തിയവരെ തിരിച്ചെടുത്ത ചരിത്രം പാര്‍ട്ടിക്കുണ്ടെന്നും നക്സല്‍ പ്രസ്ഥാനത്തിലേക്ക് പോയവര്‍ പോലും പിന്നീട് സി.പി.എമ്മിലേക്ക് തിരിച്ചുവന്നിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളെ ഓർമപ്പെടുത്തി. സാഹചര്യങ്ങള്‍ കാലാനുസൃതമായി മാറുമെന്നും ഓരോ ഘട്ടത്തിലും പാര്‍ട്ടി യാഥാര്‍ഥ്യങ്ങള്‍ വിലയിരുത്തി നിലപാട് സ്വീകരിക്കുമെന്നും ഇ.പി കൂട്ടിച്ചേർത്തു.

വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും വർഗവഞ്ചകർ തന്നെയെന്നും അത്തരക്കാരോട് ഒരു ചർച്ചയുമില്ലെന്ന എം.വി. ഗോവിന്ദന്റെ നിലപാട് തള്ളുന്നതായി ഇ.പിയുടെ ഈ അഭിപ്രായപ്രകടനം. തെറ്റു തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് മടങ്ങിവരാമെന്നും എം.വി. രാഘവനോടും ഗൗരിയമ്മയോടും ഈ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് കഴിഞ്ഞയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ കണ്ണൂരിൽ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്. വിമതരായി വിജയിച്ചവര്‍ വര്‍ഗവഞ്ചകര്‍ ആണെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷക്ക് അടിസ്ഥാനമില്ലെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചതോടെ എം.വി. ജയരാജനും നിലപാട് അൽപം മയപ്പെടുത്തി. പിന്നീട് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും കണ്ണൂർ ജില്ല കമ്മിറ്റി യോഗത്തിലും എം.വി. ജയരാജന്റെ പരാമർശം അനവസരത്തിലെന്ന വിലയിരുത്തലുണ്ടായി.

ഏറക്കുറെ വിഷയം കെട്ടടങ്ങിയപ്പോഴാണ് ഇ.പിയുടെ രംഗപ്രവേശം. എം.വി. ജയരാജന്റേത് പാർട്ടിയുടെ നിലപാട് അല്ലെന്ന് പറയുമ്പോഴും എം.വി. ഗോവിന്ദനെ തള്ളുകയാണ് ഇ.പി. ജയരാജൻ ചെയ്തത്. 

Tags:    
News Summary - CPM split over rebels; EP rejects Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.