തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഗൂഗിൾ ഫോമിലൂടെ മോട്ടോർ വാഹന വകുപ്പ് നടത്തിയ സർവേയിൽ 17,000 പേരുടെ നിർദേശങ്ങൾ ലഭിച്ചു. രണ്ടാഴ്ചക്കകം ഇതിന്റെ പരിശോധന പൂർത്തിയാവും. കേന്ദ്രം നയം വ്യക്തമാക്കിയതിനാൽ കൂടുതൽ മോഡിഫിക്കേഷനുകൾ അനുവദിക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന. ജൂണിൽ മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ട പട്ടികയിൽ അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകളും അനുമതിയോടെ ചെയ്യാവുന്ന ആറു മോഡിഫിക്കേഷനുകളും ഉൾപ്പെട്ടിരുന്നു.
എന്നാൽ, ഇതിലെ മോഡിഫിക്കേഷനുകൾ മുമ്പേ ഉള്ളതാണെന്ന് വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പൊതുജനാഭിപ്രായം തേടാനായി സർവേ ആരംഭിച്ചത്. ജൂലൈ 28 മുതൽ ആഗസ്റ്റ് ഏഴുവരെയാണ് സർവേ നടന്നത്. സർവേയിൽ ലഭിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. അതേസമയം, വാഹനങ്ങളുടെ രൂപമാറ്റത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക്ഷോപ്പുകളിലോ സർവിസ് സ്റ്റേഷനുകളിലോ നടത്താം. അധികാരത്തിലെത്തിയാൽ വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം യുവാക്കളും വാഹനപ്രേമികളും ഏറ്റെടുത്തിരുന്നു.
അതേസമയം, വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അനുമതി നൽകാനോ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇത് അറിയിച്ചത്. രാജ്യത്ത് വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് കർശനമായ കേന്ദ്ര നിയമങ്ങൾ നിലവിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ മാത്രമാണ് സംസ്ഥാനങ്ങൾക്ക് നിലവിൽ അധികാരമുള്ളതെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി സംസ്ഥാന സർക്കാരുകൾക്ക് വാഹനങ്ങളുടെ പരമാവധി വേഗത നിയന്ത്രിച്ച് ഉത്തരവിറക്കാം. ഇതൊഴിച്ചു നിർത്തിയാൽ, കമ്പനി നിർമിച്ച് നിരത്തിലിറക്കുന്ന വാഹനങ്ങളിൽ ഒരു തരത്തിലുള്ള രൂപമാറ്റങ്ങൾക്കും അനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരുന്നില്ല. 1988 ലെ മോട്ടോർ വാഹന നിയമപ്രകാരം വാഹന നിർമാതാക്കൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള അടിസ്ഥാന വിവരങ്ങളിൽ ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്താൻ പാടില്ലെന്ന് ചട്ടമുണ്ട്. ഓരോ വാഹനവും പുറത്തിറങ്ങുന്ന സമയത്ത് അതിന്റെ രൂപവും മറ്റു സുരക്ഷാ മാനദണ്ഡങ്ങളും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. നിയമവിധേയമായി എന്തൊക്കെ മാറ്റങ്ങൾ വാഹനത്തിൽ വരുത്താൻ സാധിക്കുമെന്നത് സംബന്ധിച്ച് സംസ്ഥാന തലത്തിൽ ചർച്ചകളും നടന്നിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ കടുത്ത നിലപാടോടെ സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് വലിയ തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.