എം.എം. മണിക്കെതിരെ രാജേ​ന്ദ്രൻ സംസ്ഥാന നേതൃത്വത്തിന്​ മുന്നിലേക്ക്;​ പരസ്യ പ്രസ്താവനകളിൽ ഭീഷണിയുടെ സ്വരം

മൂന്നാർ: തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന മുൻ മന്ത്രി എം.എം. മണിക്കും സി.പി.എം ഇടുക്കി ജില്ല സെക്രട്ടേറിയറ്റ്​ അംഗം കെ.വി. ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുമെന്ന് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. മണിയുടെ പരസ്യ പ്രസ്താവനകളിൽ ഭീഷണിയുടെ സ്വരമുണ്ട്. സി.പി.ഐ അടക്കം പാർട്ടികളുടെ ക്ഷണമുണ്ടെന്നും തന്‍റെ പരാതിയിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടറിഞ്ഞ ശേഷമാകും പാർട്ടി വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും രാജേന്ദ്രൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

കെ.വി. ശശി പ്രസിഡന്‍റായ മൂന്നാർ സർവിസ് സഹകരണ ബാങ്ക് ഹൈഡൽ പാർക്കിൽ നിക്ഷേപം നടത്തിയതിലും റിസോർട്ട് വാങ്ങിയതിലും ക്രമക്കേടുള്ളതായി ആക്ഷേപമുണ്ട്. സംസ്ഥാന നേതൃത്വത്തിന് നൽകുന്ന പരാതിയിൽ ഇക്കാര്യങ്ങൾകൂടി ഉന്നയിക്കും. തനിക്ക്​ പാർട്ടിയുമായി ശത്രുതയില്ല. പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. കള്ളപ്രചാരണത്തിലൂടെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കെതിരെ പ്രതികരിക്കുക മാത്രമാണ്​ ചെയ്തത്​. 13 കോടിക്ക്​ ബാങ്ക്​ ജപ്തിയിലുണ്ടായിരുന്ന റിസോർട്ട്​ 29.5 കോടി രൂപക്ക്​ കോടതിക്ക്​ പുറത്ത്​ സെറ്റിൽ ചെയ്തതിനെക്കുറിച്ചും ഇന്നും റവന്യൂ- രജിസ്​ട്രേഷൻ വകുപ്പുകളുടെ രജിസ്​​ട്രേഷൻ ലഭിക്കാത്തതിനെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നിയപരമായി അന്വേഷിച്ച്​ വ്യക്തത വരുത്തട്ടെ എന്നാണ്​ താൻ പറഞ്ഞത്​.

മൂന്നാറിൽ സി.പി.എമ്മിന്‍റെയും ട്രേഡ്​ യൂനിയന്‍റെയും വളർച്ച കെ.വി. ശശിയുടെ മാത്രം മിടുക്കാണെന്ന പ്രചാരണത്തിന്‍റെ പൊള്ളത്തരം തിരിച്ചറിയണം. തോട്ടം മേഖലയിൽ തനിക്കെതിരെ നടത്തുന്ന നിശ്ശബ്ദ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം. കെ.വി. ശശി ഇത്രയും കാലം വസ്തുതകൾ മറച്ചുവെച്ച്​ തനിക്കെതിരെ എം.എം. മണിയെക്കൊണ്ട്​ പറയിപ്പിച്ച കാര്യങ്ങൾ പിൻവലിക്കണം. മൂന്നാറിന്‍റെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിൽ ഭാഷ, ജാതി, സമുദായ വേർതിരിവുകൾക്കിടയാക്കുന്ന പ്രസ്താവനകൾ നേതാക്കൾ ഒഴിവാക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - MM Mani rajendran issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.