തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് പിന്തുണ അറിയിച്ച് സി.പി.എം-സി.ഐ.ടി.യു നേതാവും മുൻ എം.എൽ.എയുമായ എം.എം ലോറൻസിന്‍റെ കൊച്ചുമകനും. എം.എം ലോറൻസിന്‍റെ മകളുടെ മകൻ മിലൻ ഇമ്മാനുവൽ ജോസഫ് ആണ് ഡി.ജി.പി ആസ്ഥാനത്തെ സമരവേദിയിൽ എത്തിയത്.
അപ്പാപ്പൻ എം.എം ലോറൻസ് മാത്രമാണ് കമ്യൂണിസ്റ്റ് എന്നും സമരത്തിന് പിന്തുണ അറിക്കാൻ എത്തിയതാണെന്നും പ്ലസ് ടു വിദ്യാർഥിയായ മിലൻ മാധ്യമങ്ങളോട് പറഞ്ഞു.
എം.എം ലോറൻസിന്‍റെ മകൾ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കി. സർക്കാർ ജീവനക്കാരിയായതിനാൽ നേരിട്ട് എത്തേണ്ടെന്ന് താൻ നിർദേശിച്ചു. അതിനാലാണ് പ്രതിനിധിയായി മകനെ വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അതിക്രമത്തിനെതിരെ കൂടുതൽ ആളുകൾ പിന്തുണ നൽകുന്നു. കഴിഞ്ഞ സമരത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ജി. രാമൻ നായർ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ തന്ത്രങ്ങൾ പരാജയപ്പെടുകയാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.
ജനങ്ങളുടെ വികാര ഉൾക്കൊള്ളാൻ സർക്കാർ തയാറാകണമെന്ന് ഒ. രാജഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു. പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയാൽ മുഴുവൻ പ്രവർത്തകരും ആത്മസമർപ്പണം നടത്താൻ തയാറാകും. ശബരിമലയിൽ അഞ്ചിന് നട തുറക്കുമ്പോൾ യുവതികളെ കയറ്റുന്നതിനായി സി.പി.എം പരിശീലനം നൽകുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഐ.ജി ശ്രീജിത് യുവതികളെ നടപ്പന്തലിൽ എത്തിച്ചതെന്നും രാജഗോപാൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.