മുസ് ലിം ഐക്യം തകർക്കാമെന്നത് ജലീലിന്‍റെയും സി.പി.എമ്മിന്‍റെയും വ്യാമോഹം -എം.കെ. മുനീർ

കോഴിക്കോട്: മുസ് ലിം ഐക്യം തകർക്കാമെന്നത് കെ.ടി ജലീലിന്‍റെയും സി.പി.എമ്മിന്‍റെയും വ്യാമോഹം മാത്രമാണെന്ന് മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ. ഐക്യം തകർക്കാനുള്ള നീക്കം തിരിച്ചറിയാനുള്ള കഴിവും പ്രാപ്തിയുമുള്ള നേതൃത്വം മുസ് ലിം സമൂഹത്തിനുണ്ട്. സമുദായത്തിന്‍റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ഒന്നിച്ച് ശബ്ദിക്കാനുള്ള ശക്തി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും എം.കെ. മുനീർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മുസ് ലിം സമുദായത്തിനകത്ത് പതിറ്റാണ്ടുകളായി നില നിൽക്കുന്ന വിശ്വാസപരമായ ആശയ വ്യത്യാസങ്ങൾ കേവലമായ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരാനുള്ള സി.പി.എം ശ്രമം നിന്ദ്യവും ക്രൂരവുമാണ്.

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന ഒരു സമുദായത്തിൽ അടുത്ത കാലത്തായി ആശയധാരകൾക്ക് അതീതമായ ഒരു ഐക്യം പൊതു വിഷയങ്ങളിൽ കാണാറുണ്ട്. കാലുഷ്യത്തിന്‍റെയും പരസ്പര പോരിന്‍റെയും അതിവിദൂരമല്ലാത്ത ഒരു കഴിഞ്ഞ കാലം പുറകിലേക്ക് മനഃപൂർവ്വം തള്ളി നീക്കി സമുദായം മുന്നോട്ട് പോവുകയും കഴിയും വിധത്തിലെല്ലാം പൊതു വിഷയങ്ങളിൽ സഹകരിച്ചു പോരുകയുമായിരുന്നു.

അതിനെ പൊളിക്കുന്ന തരത്തിൽ സുന്നി - മുജാഹിദ് - വാക് പോരുകൾ ഉണ്ടാക്കാനുള്ള കെ.ടി. ജലീലിന്‍റെ പ്രസ്താവന ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകന് ചേർന്നതല്ല. സമുദായ സംഘടനകളെ തമ്മിലടിപ്പിച്ചു കൊണ്ട് മുസ് ലിം ഐക്യത്തെ തകർക്കാമെന്നത് ജലീലിന്‍റെയും സി.പി.എമ്മിന്‍റെയും വ്യാമോഹം മാത്രമാണ്. അത് തിരിച്ചറിയാനുള്ള കഴിവും പ്രാപ്തിയുമുള്ള നേതൃത്വം മുസ് ലിം സമൂഹത്തിനുണ്ട്!

അടർത്തി എടുത്തും തമ്മിൽ അടിപ്പിച്ചും പരസ്പരം അകറ്റിയാൽ ഇനിയൊരിക്കലും ഐക്യപ്പെടാൻ കഴിയാത്ത വിധം സ്പർദ്ധ ഉണ്ടക്കുകയും അതുവഴി സമുദായത്തിന്‍റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ഒന്നിച്ച് നിന്ന് ശബ്ദിക്കാനുള്ള ഒരുമയുടെ ശക്തി ഇല്ലാതാക്കുകയും ചെയ്യുക എന്ന കുബുദ്ധിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്.

ബംഗാളിലെയും ത്രിപുരയിലെയും മുസ് ലിം സമുദായത്തിന്‍റെ ദുരവസ്ഥയിലേക്ക് കേരളത്തിലെ മുസ് ലിംകളെ തള്ളിവിടാൻ സാധിക്കാതെ പോയത് അവരിവിടെ ഐക്യത്തോടെ നിന്നത് കൊണ്ടാണ്. മുസ് ലിം സമുദായത്തിന്‍റെ ജനാധിപത്യ സംഘടിത ശക്തി തന്നെയായിരുന്നു സി.പി.എം അജണ്ടയുടെ പ്രതിബന്ധം. പക്ഷെ ഈ കുതന്ത്രം വിജയിക്കാൻ പോവുന്നില്ല എന്ന് അവർക്ക് വൈകാതെ മനസിലാവും.!

Tags:    
News Summary - MK Muneer attack to KT Jaleel and CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.