തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും ചികിത്സയും കരുതലും ഉറപ്പാക്കുന്ന ‘മിഠായി’ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഉയർത്തണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. 18 വയസ്സിന് മുകളിലുള്ള അർഹരായവർക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിന് എൻ.എച്ച്.ആർ.എം സ്റ്റേറ്റ് മിഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.
നിലവിൽ രണ്ട് ലക്ഷം രൂപയാണ് പദ്ധതിയുടെ വരുമാന പരിധി. ഇത് കാലാനുസൃതമായി വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് വരുമാന പരിധി ഉയർത്തുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് സാമൂഹികനീതി വകുപ്പ് കമീഷനെ അറിയിച്ചു. ടൈപ്പ് വൺ ഡയബറ്റിക്സ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് കമീഷന്റെ ഇടപെടൽ.
ഓരോ വർഷവും 800 മുതൽ 1200 വരെ കുട്ടികളാണ് പുതിയതായി പദ്ധതിയിൽ അംഗങ്ങളാകുന്നത്. നിലവിൽ 1980 കുട്ടികൾക്കായി 6.78 കോടിയിലധികം രൂപയാണ് സർക്കാർ ഇതിനകം ചെലവഴിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷം പദ്ധതിക്കായി 3.80 കോടി രൂപയാണ് വകയിരുത്തിയത്. 2025-26 വർഷത്തിൽ അനുവദിച്ച ഫണ്ടിൽനിന്ന് 70 ലക്ഷം രൂപ ടൈപ്പ് വൺ പ്രമേഹത്തിനുള്ള മരുന്നുകൾ വാങ്ങുന്നതിനായി മാറ്റിവെച്ചതായും സാമൂഹികനീതി വകുപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.