കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് സ്വതവേ ദുരിതം സമ്മാനിക്കുന്ന മഴക്കാലത്ത് ഇത്തവണ ദുരിതം ഇരട്ടിയാക്കി അറബിക്കടലിലെ കപ്പൽ അപകടവും. നിലവിൽ പ്രതികൂല കാലാവസ്ഥ പരിഗണിച്ച് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനുപിന്നാലെ അപകടകരമായ പദാർഥങ്ങൾ അടങ്ങിയ കണ്ടെയ്നറുകൾ കടലിൽ പതിക്കുകയും മുങ്ങിയ കപ്പലിൽനിന്ന് വൻതോതിൽ എണ്ണ സമുദ്രത്തിൽ വ്യാപിക്കുകയും ചെയ്തത് കടലിനെ ആശ്രയിച്ച് ജീവിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരിൽ ആധിയുടെ ആഴം വർധിപ്പിച്ചിരിക്കുകയാണ്.
കണ്ടെയ്നറുകൾക്കുള്ളിൽ അത്യന്തം അപകടകരമായ പദാർഥങ്ങളുണ്ടെന്ന് മാത്രമേ അധികൃതർ വ്യക്തമാക്കിയിട്ടുള്ളൂ. എന്നാൽ, അത് എന്താണെന്നോ, അതിന്റെ പ്രഹരശേഷി എന്താണെന്നോ പുറംലോകത്തെ അറിയിക്കാത്തതിനാൽ ഏതുനേരവും തീ തിന്ന് ജീവിക്കേണ്ട സ്ഥിതിയിലാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും ഇതിനകം കണ്ടെയ്നറിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു.
കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നുവെന്നും ഇവയിൽ 73 എണ്ണം കാലിയാണെന്നും 13 എണ്ണത്തിൽ ചില അപകടകരമായ വസ്തുക്കൾ ആണെന്നുമാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വാർത്തകുറിപ്പിൽ വ്യക്തമാക്കുന്നത്. ചിലതിൽ വെള്ളം ചേർന്നാൽ തീപിടിക്കാവുന്നതും പൊള്ളലിന് കാരണമാകാവുന്നതുമായ കാൽസ്യം കാർബൈഡും ഉണ്ടെന്നും കപ്പലിലെ ഇന്ധനം ചോർന്നിട്ടുണ്ടെന്നും അധികൃതർ ആവർത്തിക്കുന്നു.
എന്നാൽ, അപകടകരമായ വസ്തു എന്താണെന്ന് വ്യക്തമാക്കാത്തതിനാലാണ് ദുരൂഹത. ഈ ഒളിഞ്ഞിരിക്കുന്ന അപകടവും എണ്ണച്ചോർച്ചയും സമുദ്രത്തിൽ അതീവ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്കാണ് വഴിവെക്കുക. മത്സ്യങ്ങളുൾപ്പെടെ സമുദ്രജീവികളുടെ ഒന്നാകെ ജീവനും ആവാസവ്യവസ്ഥക്കും ദോഷംചെയ്യുന്ന തരത്തിലുള്ള ഉൽപന്നങ്ങളാണ് ഇതിനുള്ളിലുള്ളതെന്നാണ് വിലയിരുത്തൽ.
കപ്പൽ അപകടം നടന്ന ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയാണ് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ കാലാവധി മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കുമ്പോൾ എന്തുചെയ്യുമെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. കപ്പൽ മുങ്ങിയിടത്തുനിന്നും 20 നോട്ടിക്കൽ മൈൽ അകലെവരെയുള്ള പ്രദേശത്ത് ആരും മത്സ്യബന്ധനത്തിന് പോകരുതെന്ന അധികനിർദേശമാണ് തിങ്കളാഴ്ച പുറപ്പെടുവിച്ചത്. മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ജനങ്ങൾ വാങ്ങാൻ മടിക്കുകയും ചെയ്താൽ വലിയ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതം മത്സ്യബന്ധന മേഖലയിലുണ്ടാകും.
കപ്പൽ അപകടവും ഇതിനു പിന്നാലെയുണ്ടായ അപകടകരമായ സാഹചര്യവും മത്സ്യവിപണിയെ ദോഷകരമായി ബാധിക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ ) സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് ചൂണ്ടിക്കാട്ടി. ആളുകൾ മത്സ്യം വാങ്ങാൻ മടിക്കുന്ന സാഹചര്യമുണ്ടാകും. കൂടാതെ, മത്സ്യബന്ധന നിരോധനം അടക്കമുള്ള നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടും.
ഈ സാഹചര്യത്തിൽ കപ്പൽ കമ്പനിയോ സർക്കാറോ അടിയന്തര നഷ്ടപരിഹാരം മത്സ്യത്തൊഴിലാളികൾക്ക് നൽകണമെന്നും സംഭവത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി സമഗ്രാന്വേഷണം നടത്തണമെന്നും ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
കണ്ടെയ്നറുകളിലെ മാരകവസ്തുക്കൾ എന്താണെന്നും എത്രത്തോളം ബാധിക്കുമെന്നും സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. സുരേഷ് ആവശ്യപ്പെട്ടു. മത്സ്യ ബന്ധനത്തിന് നിലവിൽ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വരുമാനം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയിൽനിന്ന് മലിനീകരണ നിയന്ത്രണക്കപ്പൽ എത്തിയേക്കും
കൊച്ചി: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ പൂർണമായും മുങ്ങിയ ലൈബീരിയൻ കപ്പലിൽനിന്ന് കടലിൽ പടരുന്ന എണ്ണപ്പാട നിയന്ത്രിക്കുന്നത് ഓയിൽ സ്പിൽ ഡിസ്പേഴ്സൻറ് (ഒ.എസ്.ഡി) ഉപയോഗിച്ച്. തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളുപയോഗിച്ചാണ് എണ്ണപ്പാടയുടെ വ്യാപനം പ്രതിരോധിക്കുന്നത്. ഈ കപ്പലുകളിലാണ് ഒ.എസ്.ഡി സംവിധാനമുള്ളത്. സമുദ്രോപരിതലത്തിലും മറ്റും ആകസ്മികമായുണ്ടാകുന്ന എണ്ണച്ചോർച്ച വേർതിരിക്കുകയും ചിതറിക്കുകയും ഇതിലൂടെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ഓയിൽ സ്പിൽ ഡിസ്പേഴ്സൻറ്.
തീര സംരക്ഷണസേനയുടെ വിക്രം, സക്ഷം, സമർഥ് കപ്പലുകളാണ് മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഒ.എസ്.ഡി കൂടാതെ ഇവയിൽ സ്ഥിതിഗതി നിരീക്ഷണത്തിനായി ഇൻഫ്രാറെഡ് കാമറകളുമുണ്ട്. ഇതോടൊപ്പം എണ്ണപ്പാടയുടെ വ്യാപനത്തിന്റെ വ്യോമ വിലയിരുത്തലിനായി പ്രത്യേക സംവിധാനമുള്ള ഡോണിയർ വിമാനവും വിന്യസിച്ചിട്ടുണ്ട്. ഈ വിമാനത്തിൽനിന്ന് താഴേക്ക് പൊടി തളിച്ച് എണ്ണ നശിപ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്.
ഇതിനുപുറമെ ആവശ്യമെങ്കിൽ മുംബൈയിൽനിന്ന് മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്രപ്രഹരിയും എത്തിക്കും. ശനിയാഴ്ച ഉച്ചക്ക് 1.25ഓടെയാണ് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം.എസ്.സി എല്സ-3 ചരക്കുകപ്പൽ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്തുവെച്ച് 26 ഡിഗ്രി ചരിഞ്ഞ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.