തമ്മനം സ്വദേശിനിയുടെ തിരോധാനം: രണ്ട് പ്രതികള്‍ക്ക് ജാമ്യം 

കൊച്ചി: തമ്മനം സ്വദേശിനിയായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് ജാമ്യം. നവി മുംബൈയിലെ നെരൂളില്‍ അറസ്റ്റിലായ ഒന്നാം പ്രതി അര്‍ഷി ഖുറൈശി (45), മൂന്നാം പ്രതി താണെ കല്യാണ്‍ നിവാസി റിസ്വാന്‍ ഖാന്‍ (53) എന്നിവര്‍ക്കാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 180 ദിവസം കഴിഞ്ഞിട്ടും കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി. രണ്ട് ലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കണം, സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. 

ഇരുവരും ഇപ്പോള്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കാണാതായ  മെറിന്‍ എന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവും കേസിലെ രണ്ടാം പ്രതിയുമായ ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹിയയും ഒന്നാം പ്രതി അര്‍ഷി ഖുറൈശിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെയും  മതം മാറിയതെന്ന പരാതിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.  മെറിനെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുകയും പിന്നീട് ഐ.എസ് എന്ന തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയുമായിരുന്നുവെന്നും ആരോപിച്ച്് മെറിന്‍െറ സഹോദരന്‍ എബിന്‍ ജേക്കബാണ് പൊലീസില്‍ പരാതി നല്‍കിയത്. രണ്ടാം പ്രതിയും മെറിനും തമ്മിലുള്ള വിവാഹം നടത്തിയതില്‍ പങ്കാളിയായ കുറ്റമാണ് റിസ്വാന്‍ ഖാനെതിരെയുള്ളത്. കൂടുതല്‍ അന്വേഷണത്തിന് പിന്നീട് കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 
 

Tags:    
News Summary - missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.