ലോക്‌ഡൗണിൽ അഭയം തേടിയ സുഹൃത്ത് ഭാര്യയെയും കുഞ്ഞുങ്ങളെയുമായി മുങ്ങിയെന്ന് പരാതി

മൂവാറ്റുപുഴ: ലോക്‌ഡൗൺ കാലത്ത് വീട്ടിൽ അഭയം തേടിയ സുഹൃത്ത് ഭാര്യയെയും കുഞ്ഞുങ്ങളെയുമായി മുങ്ങിയെന്ന പരാതിയുമായി ഗൃഹനാഥൻ. ലോക്ഡൗണിൽ മൂവാറ്റുപുഴയിൽ കുടുങ്ങിയ മൂന്നാർ സ്വദേശിയാണ് അഭയം നൽകിയ സുഹൃത്തിന്‍റെ ഭാര്യയെയും കുഞ്ഞുങ്ങളെയുമായി കടന്നത്. ഗൃഹനാഥന്‍റെ പരാതിയിൽ മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.


കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്ക് പോകാൻ മൂവാറ്റുപുഴയിലെത്തിയത്. മേലുകാവിനു പോകുകയായിരുന്നവർക്കൊപ്പം മൂവാറ്റുപുഴ വരെ എത്തുകയായിരുന്നു. വാഹനമൊന്നും കിട്ടാതെ കുടുങ്ങിയ ഇയാൾ നാട്ടിലെ ബന്ധുക്കളെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ വർഷങ്ങൾക്കു മുമ്പ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ച് ഗൃഹനാഥനെ വിളിക്കുകയായിരുന്നു.

ലോക്ഡൗണിൽ ഒന്നരമാസത്തോളം ഇയാൾ മൂവാറ്റുപുഴയിൽ സുഹൃത്തിന്‍റെ വീട്ടിൽ താമസിച്ചു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയാറായില്ല. ഇതോടെ ഗൃഹനാഥന് സംശയം തോന്നിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മൂന്നാർ സ്വദേശിയെയും യുവതിയെയും കാണാതായത്.

സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും എങ്ങിനെയെങ്കിലും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ടു. മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്യുമെന്ന് ഗൃഹനാഥൻ ഭീഷണി മുഴക്കി.
ഫോൺ ഓഫായതിനാൽ യുവതിയെയും കുഞ്ഞുങ്ങളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. 

Tags:    
News Summary - missing case of wife and children at muvattupuzha police station-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.