കാസർകോട്: കെ.എസ്.ആർ.ടി.സിയിൽ വഴിവിട്ട് സ്ഥാനക്കയറ്റമെന്ന് പരാതി. 2024ലെ കോടതി ഉത്തരവ് മറികടന്നാണ് ട്രാൻസ്പോർട്ട് ഓഫിസർ തസ്തികയിലേക്ക് അനർഹർക്ക് അനധികൃത സ്ഥാനക്കയറ്റം നൽകിയിരിക്കുന്നതെന്നാണ് ആരോപണം. 2017ൽ നിലവിൽവന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് അസി. ട്രാൻസ്പോർട്ട് ഓഫിസർമാരായി (എ.ടി.ഒ) 21 പേരെ നിയമിക്കണമെന്ന 2024 ഫെബ്രുവരിയിലെ കോടതി വിധി നിലനിൽക്കവേയാണ് ഈ സ്ഥാനക്കയറ്റം. ഈ വിധിക്കെതിരെ കെ.എസ്.ആർ.ടി.സി അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും അന്തിമവിധി വന്നിട്ടില്ല. ഇതിനിടയിലാണ് തിടുക്കപ്പെട്ടുള്ള സ്ഥാനക്കയറ്റം.
2017ൽ അനധികൃതമായി സ്ഥാനക്കയറ്റം നൽകിയ 15 പേരെ മാറ്റി പകരം, റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കണമെന്ന വിധി നടപ്പാക്കാതെ ആ 15 പേർ ഇന്നും തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ 15 പേർക്കുകൂടി സ്ഥാനക്കയറ്റം. ആശ്രിത നിയമനം വഴി ജോലി ലഭിച്ചവരാണ് ഇവരിൽ ഭൂരിഭാഗം പേരും. അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനം വഴി സ്ഥാനക്കയറ്റം നൽകാവൂ എന്നുള്ള സർക്കാർ ഉത്തരവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം.
2012ൽ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് സർവിസിൽ പരിചയമുള്ളവരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായവരെ പി.എസ്.സി പരീക്ഷയുടെ അടിസ്ഥാനത്തിൽ എ.ടി.ഒമാരായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനമെടുത്തത്. ഇതനുസരിച്ച് പരീക്ഷ നടത്തി 29 പേരെ തിരഞ്ഞെടുത്തെങ്കിലും കേവലം എട്ടുപേർക്കാണ് നിയമനം ലഭിച്ചത്. ഇതിനെതിരെയാണ് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും. ഇപ്പോഴുള്ള അനധികൃത സ്ഥാനക്കയറ്റത്തിനെതിരെയും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.