കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരായ ഹരജി ഹൈകോടതി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി. ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹർക്ക് സാമ്പത്തിക സഹായം നൽകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെ ലോകായുക്തയെ സമീപിച്ച ആർ.എസ്. ശശികുമാർ നൽകിയ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പരാതി ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി നൽകിയത്.
പരാതി പരിഗണിക്കാൻ ലോകായുക്ത ജൂലൈ പത്തിന് ഫുൾ ബെഞ്ചിന് രൂപംനൽകുന്നുണ്ടെന്ന് വ്യാഴാഴ്ച ഹരജി പരിഗണിക്കവെ ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയെങ്കിലും ഇത് കേസിന്റെ അവസാനമാവില്ലെന്ന് വാക്കാൽ ചൂണ്ടിക്കാട്ടിയ കോടതി ഹരജി പത്തുദിവസത്തിന് ശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.
ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹരായവർക്കു പണം നൽകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാറിലെ മന്ത്രിമാർക്കുമെതിരെയാണ് ഹരജിക്കാരൻ ലോകായുക്തയിൽ പരാതി നൽകിയത്. ഈ പരാതി ലോകായുക്തക്ക് പരിഗണിക്കാനാവുമോയെന്ന തർക്കം ആദ്യഘട്ടത്തിൽ ഫുൾബെഞ്ച് പരിഗണിച്ചു വാദം കേൾക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് വാദം കേട്ട് 2022 മാർച്ച് 18ന് വിധി പറയാൻ മാറ്റിയെങ്കിലും ഒരുവർഷം കഴിഞ്ഞ് 2023 മാർച്ച് 31ന് ഫുൾബെഞ്ചിന് വിടാനായിരുന്നു തീരുമാനം. ഇതിനെയാണ് ഹരജിക്കാരൻ ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.