പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി; വിവാദത്തിന് ശ്രമിക്കുന്നത് വർഗീയവാദികൾ -മന്ത്രി വാസവൻ

പാലാ: പാലാ ബിഷപ്പിനെ കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ സന്ദർശിച്ചതിന് പിന്നിൽ ദുരുദ്ദേശവും രാഷ്ട്രീയ കാരണങ്ങളും ഉണ്ടാവുമെന്ന് മന്ത്രി വി.എൻ. വാസവൻ. കോൺഗ്രസുകാർക്ക് എല്ലാം നഷ്ടപ്പെട്ടതിനാൽ അവർക്ക് എന്തും പറയാം. കോൺഗ്രസ് ഒരു തകർന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വാസവൻ പറഞ്ഞു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പുമായി വിവാദ വിഷയങ്ങൾ സംസാരിച്ചിട്ടില്ല. ആശുപത്രിയുടെ പ്രവർത്തനങ്ങളെയും പാലം നിർമാണത്തെ കുറിച്ചുമാണ് താൻ സംസാരിച്ചത്. വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. സമവായചർച്ചയെ കുറിച്ച് ആലോചിച്ചിട്ടില്ല. സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ ബിഷപ്പിനെ അറിയിക്കുകയും ചെയ്തെന്നും വാസവൻ വ്യക്തമാക്കി.

സഭയോടുള്ള ആദരവും ബഹുമാനവും നിലനിർത്തിയുള്ള പതിവ് സന്ദർശനമാണ് നടത്തിയത്. താൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പിതാവാണ് ജോസഫ് കല്ലറങ്ങാട്ട്. വലിയ പാണ്ഡിത്യമുള്ള ആളാണ്. അദ്ദേഹത്തിന്‍റെ പ്രസംഗം താൻ ശ്രദ്ധാപൂർവം കേട്ടിരിക്കാറുണ്ട്. ബൈബിൾ, ഖുർആൻ, ഭഗവത് ഗീത എന്നീ ഗ്രന്ഥങ്ങളെ കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ്. ഔദ്യോഗിക ജോലിക്ക് ശേഷം രാത്രിയിൽ വായനക്കായി ബിഷപ്പ് സമയം ചെലവഴിക്കാറുണ്ടെന്നും വാസവൻ പറഞ്ഞു.

പാലാ ബിഷപ്പിനൊപ്പം ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടുണ്ട്. മന്ത്രിയായ ശേഷം ബിഷപ്പിനെ കാണാൻ സാധിച്ചിരുന്നില്ല. സഭയുമായും ബിഷപ്പുമാരുമായും നല്ല ബന്ധമാണുള്ളത്. വിവാദങ്ങൾ ഉണ്ടാക്കാൻ സഭയോ സർക്കാരോ ശ്രമിക്കുന്നില്ല. വിവാദങ്ങൾക്ക് ശ്രമിക്കുന്നത് വർഗീയവാദികളും തീവ്രവാദികളുമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ തീവ്രവാദത്തെ സർക്കാർ അംഗീകരിക്കില്ലെന്നും വി.എൻ വാസവൻ ചൂണ്ടിക്കാട്ടി.

പാ​ലാ ബി​ഷ​പ്പിന്‍റെ വം​ശീ​യ ​പ​രാ​മ​ർ​ശ​ങ്ങ​ളെ തു​ട​ർ​ന്ന് ഉടലെടുത്ത ചേ​രി​തി​രി​വിനിടെ സ​മാ​ധാ​ന ​ശ്ര​മ​ങ്ങ​​ളു​മാ​യി കോ​ൺ​ഗ്ര​സ് നേതൃത്വം രംഗത്തു വന്നിരുന്നു. ഇതിന്‍റെ ഭാഗമായി ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ ജോ​സ​ഫ്​ പെ​രു​ന്തോ​ട്ടം, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, താ​ഴ​ത്ത​ങ്ങാ​ടി ജു​മാ​മ​സ്ജി​ദ് ഇ​മാം ഇ​ല​വു​പാ​ലം ഷം​സു​ദ്ദീ​ൻ മ​ന്നാ​നി എന്നിവരെ കെ.​പി.​സി.​സി പ്ര​സി​ഡന്‍റ്​ കെ. ​സു​ധാ​ക​ര​​ൻ ഇന്നലെ സന്ദശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മന്ത്രി വി.എൻ. വാസവൻ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.

Tags:    
News Summary - Minister VN Vasavan explained Meeting of Pala Bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.