നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയും പുതിയ കോളജുകള്‍ ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ബി.എസ്.സി. നഴ്‌സുമാരെ ഗണ്യമായി വര്‍ധിപ്പിക്കണം.

ക്രിട്ടിക്കല്‍ കെയര്‍, സൈക്യാട്രി തുടങ്ങിയ എം.എസ്.സി. നഴ്‌സിംഗ് വിഭാഗത്തില്‍ കൂടുതല്‍ വിദ്യാഥികളെ സൃഷ്ടിക്കാനാകണം. തിരുവനന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളജുകളില്‍ എം.എസ്.സി. സൈക്യാട്രി നഴ്‌സിംഗ് ആരംഭിക്കും. സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാന്‍ താത്പര്യമുള്ളവരുടേയും എണ്ണം കണക്കിലെടുത്ത് കൂടുതല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അതിനനുസരിച്ചുള്ള ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ എം.എസ്.സി. നഴ്‌സിംഗില്‍ പുതിയ സ്‌പെഷ്യാലിറ്റികള്‍ ആരംഭിക്കും.

സര്‍ക്കാര്‍ മേഖലയില്‍ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നാഷണല്‍ നഴ്‌സിംഗ് കൗണ്‍സില്‍ മാനദണ്ഡമനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കും. സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നഴ്‌സിംഗ് കോളജുകളും ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ നഴ്‌സിംഗ് സ്‌കൂളുകളുമുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലും നഴ്‌സിംഗ് കോളജുകളുണ്ട്.

രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും രണ്ട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളും അഞ്ച് സ്വകാര്യ നഴ്‌സിംഗ് കോളജുകളും മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷം പുതുതായി ആരംഭിച്ചിരുന്നു. 510 നഴ്‌സിംഗ് സീറ്റുകളാണ് ഈ വര്‍ഷം വര്‍ധിപ്പിക്കാനായത്. പോസ്റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് വേണ്ടിയുള്ള നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പോസല്‍ നല്‍കാന്‍ നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Minister Veena George will take steps to increase nursing seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.