കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എം.ഡി.ഐ.സിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

താന്‍ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയുമ്പോള്‍ വിദ്യയുടെ കണ്ണ് നിറയുകയായിരുന്നു. മന്ത്രി ധൈര്യം നല്‍കി, മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടുമെന്ന് പറഞ്ഞ് വിദ്യയെ ആശ്വസിപ്പിച്ചു. ഐ.സി.യു.വിലുള്ള ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. ഇടതുകൈപ്പത്തി പൂര്‍ണമായി അറ്റ് തൂങ്ങിയ നിലയിലായിരുന്നു. വലത് കൈയ്ക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിന് പൊട്ടലുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളജില്‍ ക്രമീകരണങ്ങള്‍ നടത്തിയത്.

രോഗിയെ കൊണ്ടുവന്ന് അര മണിക്കൂറിനകം ശസ്ത്രക്രിയ നടത്താനായി. രാത്രി 12 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ എട്ടു മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. വിദ്യയുടെ പൊതു ആരോഗ്യസ്ഥിതി പുരോഗമിച്ച് വരുന്നു. കൈയ്ക്ക് സ്പര്‍ശന ശേഷിയും കൈ അനക്കുന്നുമുണ്ട്. ഇത് പോസിറ്റീവ് സൂചനകളാണ്. വീഡിയോ കോള്‍ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. 48 മണികൂര്‍ കൂടി നിരീക്ഷണം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വിദ്യയുടെ മാതാപിതാക്കളുമായും മന്ത്രി സംസാരിച്ചു. വെട്ടേറ്റ് ചികിത്സയിലുള്ള പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മകളെപ്പറ്റി പറയുമ്പോള്‍ ഇരുവരും വിതുമ്പുന്നുണ്ടായിരുന്നു. മന്ത്രിയുടേയും കണ്ണ് നനഞ്ഞു. വനിത ശിശുവികസന വകുപ്പിന്റെ നിയമപരമായ സഹായവും ഉറപ്പ് നല്‍കി. മന്ത്രിയുടെ ഇടപെടലിനും ഡോക്ടര്‍മാര്‍ കൃത്യസമയത്ത് ഇടപെട്ട് ശസ്ത്രക്രിയ നടത്തിയതിനും അവര്‍ നിറകണ്ണുകളോടെ നന്ദിയറിയിച്ചു.

വിദ്യയുടെ ചികിത്സ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ പത്തരലക്ഷമാകുമെന്ന് പറഞ്ഞ ചികിത്സയാണ് മെഡിക്കല്‍ കോളജില്‍ സൗജന്യമായി ചെയ്തത്. 

Tags:    
News Summary - Minister Veena George visited the young woman who underwent palm surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.