ഗവർണർ ഒന്നും മിണ്ടിയില്ല; ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു -പരിപാടി ബഹിഷ്കരിച്ചതിനെ കുറിച്ച് മന്ത്രി

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വെച്ചതിനെ ചോദ്യം ചെയ്ത് സർക്കാർ പരിപാടി ബഹിഷ്‍കരിച്ച സംഭവത്തിൽ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്കുതെളിയിച്ചായിരുന്നു പരിപാടി. അതിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‍കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഗവർണർക്ക് മുന്നിൽ പ്രതിഷേധം അറിയിച്ചപ്പോൾ അദ്ദേഹം ഒന്നും മിണ്ടിയില്ലെന്നും ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നുവെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയായിരുന്നു വ്യാഴാഴ്ച രാജ്ഭവനിൽ നടന്നത്.

''ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. എന്നാൽ രാജ്യസങ്കൽപത്തിന് ചേർന്ന ചിത്രമായിരുന്നില്ല രാജ്യഭവനിൽ ഉണ്ടായിരുന്നത്. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധമല്ല, രാജ്യതാൽപര്യത്തിന് വിരുദ്ധമായ സങ്കൽപത്തോടാണ് പ്രതിഷേധം അറിയിച്ചത്. എന്റെ രാജ്യം ഇന്ത്യയാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല. മറ്റൊരു രാഷ്ട്ര സങ്കൽപവും അതിന് മുകളിൽ അല്ല''-മന്ത്രി വിശദീകരിച്ചു.

അതേസമയം, മന്ത്രിയുടെത് തെറ്റായ കീഴ്വഴക്കമാണെന്നായിരുന്നു രാജ്ഭവന്റെ പ്രതികരണം.  

Tags:    
News Summary - Minister V Sivankutty defends his decision on boycott the event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.