തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിലേക്ക് വിളിക്കുന്ന ഫോൺകോളുകൾ സ്വീകരിക്കുന്നില്ലെന്നും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നുമുള്ള പരാതിയെ തുടർന്ന് മന്ത്രിയുടെ അടിയന്തര ഇടപെടലിൽ കുടുങ്ങിയത് ഒൻപത് ജീവനക്കാർ.
യാത്രക്കരാനായി ഓപറേഷൻ കൺട്രോൾ സെന്ററിലേക്ക് ഫോൺ വിളിച്ച മന്ത്രി ഗണേഷ് കുമാറിന് കൃത്യമായ മറുപടി നൽകാതിരുന്ന വനിത കണ്ടക്ടർമാർ ഉൾപ്പെടെ ഒൻപത് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
യാത്രക്കാർക്കും പൊതുജനങ്ങൾക്കും പരാതി അറിയിക്കാനും ബസ് സമയം അറിയാനുമാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. എന്നാൽ, യാത്രക്കാർക്ക് കൃത്യമായി മറുപടി പലപ്പോഴും ലഭിക്കാറില്ല എന്ന പരാതി വ്യാപകമായിരുന്നു. തുടർന്നാണ് മന്ത്രി യാത്രക്കാരനെന്ന രീതിയിൽ വിളിച്ചുനോക്കിയത്. ഫോൺ സ്വീകരിക്കാതിരുന്ന ജീവനക്കാർക്കെതിരെ ഉടൻ നടപടിയെടുക്കാൻ കെ.എസ്.ആർ.ടി.സി എം.ഡിയോട് നിർദേശിക്കുകയായിരുന്നു. മറ്റു ജില്ലകളിലെ ഡിപ്പോയിലേക്ക് ഉൾപ്പെടെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്.
കൺട്രോൾ റൂം ഒഴിവാക്കുമെന്നും പകരം ആപ്പ് സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കൺട്രോൾ റൂമിൽ പലരും ജോലി ചെയ്യാതെ ഇരിക്കുകയാണെന്നാണ് മന്ത്രി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺവിളിയും പിന്നാലെയുള്ള നടപടിയും. അതേസമയം ഡ്യൂട്ടിയില്ലാത്തവരെ സസ്‌പെന്‍ഡ് ചെയ്തതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.