പ്രദീപ് കുമാറും സുഹൃത്തുക്കളും
കൺമുന്നിൽ കണ്ടത് ഭീകര ദൃശ്യങ്ങൾ, നേപ്പാളിൽനിന്ന് അവർ തിരിച്ചെത്തി
കാഞ്ഞങ്ങാട്: കൺമുന്നിൽ കണ്ട പ്രളയഭീകരതയുടെ നടുക്കം മാറാതെ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സി. പ്രദീപ് കുമാറും സുഹൃത്തുക്കളും നേപ്പാളിന്റെ മണ്ണിൽനിന്ന് നാട്ടിൽ തിരിച്ചെത്തി. പ്രളയത്തിൽ നേപ്പാളില്‍ കുടുങ്ങിയതിന്റെ ഞെട്ടൽ മാറിയില്ലെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. കയ്യൂര്‍ മുഴക്കോം സ്വദേശിയായ പ്രദീപ്കുമാര്‍ വെള്ളിക്കോത്ത് അടോട്ടാണ് താമസം. ചെറുവത്തൂരില്‍നിന്നുള്ള എഴുത്തുകാരന്‍ അനില്‍ നീലാംബരി, പെരിയ പോളിടെക്നിക്കിലെ അധ്യാപകന്‍ ചെറുവത്തൂര്‍ വലിയ പൊയിലിലെ പി.വി. രാജന്‍, മുഴക്കോമിലെ കെ. രാജീവന്‍, മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ എം. കരുണാകരന്‍ എന്നിവരാണ് നേപ്പാളിൽനിന്ന് തിരിച്ചെത്തിയത്. എറണാകുളം ട്രാവല്‍ ക്ലബ് ഏജന്‍സി വഴി വിവിധ ക്ഷേത്രങ്ങള്‍ കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമായി പോയതായിരുന്നു. 22ന് വൈകീട്ട് മലബാര്‍ എക്സ്പ്രസിൽ കൊച്ചിയിലെത്തി 23ന് രാവിലെ കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് വിമാനത്തില്‍ പോകുകയും അവിടെനിന്ന് മറ്റൊരു വിമാനത്തില്‍ ഉത്തര്‍ പ്രദേശിലെ ഘോരക് പൂരിലെത്തുകയും ചെയ്തു.
24ന് രാവിലെ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയായ സോണാലി വഴി വാഹനത്തിലാണ് അഞ്ചുപേരും തുടര്‍ന്ന് യാത്ര പുറപ്പെട്ടത്. 25ന് മലകളും താഴ് വരകളും ക്ഷേത്രങ്ങളുമുള്ള കാഠ്മണ്ഡു ചുറ്റിക്കറങ്ങി. 26ന് നേപ്പാളിലെ പ്രശസ്തമായ മനാക്കമ ക്ഷേത്രം കാണാന്‍ പുറപ്പെട്ടു. കുന്നിന്‍മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യാത്രാ മധ്യേ മുന്നില്‍ നിരനിരയായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ ഗതാഗത തടസ്സമുണ്ടായി. അന്വേഷിച്ചപ്പോള്‍ പ്രദേശത്തെ ഡാം പൊട്ടിയതിനാല്‍ റോഡില്‍ വെള്ളം കയറിയിട്ടുണ്ടെന്നും കുറച്ചുകഴിഞ്ഞാല്‍ ശരിയാകുമെന്നും മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ പറഞ്ഞു.
പ്രദീപ് കുമാറും സുഹൃത്തുക്കളും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാനാകാതെ രണ്ട് മണിക്കൂറോളം അവിടെ തങ്ങി. പെട്ടെന്നാണ് ഇവര്‍ നിന്നിരുന്ന താഴ്ചയില്‍ അതിശക്തമായി പ്രളയജലം ഒഴുകിയെത്തിയത്. ഇതിന്റെ വ്യാപ്തി കൂടി വന്നു. മനുഷ്യരും മൃഗങ്ങളും കെട്ടിടങ്ങളും വാഹനങ്ങളുമൊക്കെ ഒലിച്ചുപോകുന്നത് കണ്ടു. തങ്ങള്‍ നിന്ന സ്ഥലത്തേക്ക് പ്രളയം വരുകയാണെന്ന് മനസ്സിലാക്കിയ എല്ലാവരും വാഹനങ്ങള്‍ സമീപത്തെ വനാന്തര്‍ഭാഗത്തേക്ക് തിരിച്ചുവിട്ടു. കുറച്ചുനേരം കൂടി കഴിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ പ്രളയത്തില്‍ അകപ്പെടുമായിരുന്നെന്ന് പ്രദീപ്കുമാര്‍ പറയുന്നു.
ഉച്ചക്ക് 2.45 ഓടെ അവിടെനിന്ന് പുറപ്പെട്ട വാഹനം കാട്ടിലൂടെ 60 കിലോമീറ്ററോളം സഞ്ചരിച്ച് 27ന് പുലര്‍ച്ച 3 മൂന്നോടെ ചിത്വാന്‍ ഗ്രാമത്തിലെത്തി. രാവിലെ എട്ടിന് പുഴക്കരയിലൂടെ വാഹനമോടിച്ച് പൊക്കാറ എന്ന സ്ഥലത്തെത്തി. ഈ പ്രദേശങ്ങളില്‍ പ്രളയമെത്താത്തതിനാല്‍ ജനങ്ങള്‍ സുരക്ഷിതരായിരുന്നു. 28ന് റോഡ് മാര്‍ഗം ലുംബിനിയിലെത്തി അവിടെ തങ്ങി. 29ന് ഉച്ചയോടെ ഘോരക്പൂരിലും അവിടെനിന്ന് വൈകീട്ട് 6.30ന് ബംഗളൂരുവിലുമെത്തി. രാത്രി പുറപ്പെട്ട ബംഗളൂരു കണ്ണൂര്‍ എക്സ്പ്രസില്‍ കയറിയ ഇവര്‍ കഴിഞ്ഞ ദിവസം രാവിലെ 10ഓടെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെത്തി.
പ്രളയം കാരണം നേപ്പാളില്‍ കുടുങ്ങിയെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഭാര്യ ശ്രീകലയും മക്കളായ മൃണാള്‍ സി. പ്രദീപും മിലിന്ദ് സി. പ്രദീപും ആശങ്കയിലായിരുന്നു -പ്രദീപ് കുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂൺ മാസം അവസാനം വരെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എസ്.ഐ ആയിരുന്നു പ്രദീപ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.