കൊടിക്കുന്നിൽ സുരേഷ് ഫ്യൂഡൽ മാടമ്പിയെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് ഫ്യൂഡൽ മാടമ്പിയെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിക്കെതിരായി ഇത്രയും വിവാദമായ പരാമർശം നടത്തിയിട്ടും കൊടിക്കുന്നിൽ അതിൽ ഉറച്ചു നിൽക്കുകയാണ്. കോൺഗ്രസിന്‍റെ സാംസ്കാരിക പാപ്പരത്തമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയെയും കുടുംബത്തെയും അക്രമിക്കാനുള്ള ശ്രമം കോൺഗ്രസ്‌ നേതാക്കൾ ഇപ്പോള്‍ തുടങ്ങിയതല്ല. ഒറ്റതിരിഞ്ഞുള്ള ഏത് ആക്രമണത്തെയും ചെറുക്കും. വ്യക്തമായ സ്ത്രീവിരുദ്ധതയാണ് കൊടിക്കുന്നിലിന്‍റെ പ്രസ്താവന. സ്ത്രീകൾക്ക് സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന്‌ ഈ നൂറ്റാണ്ടിലെങ്കിലും അദ്ദേഹത്തെ പോലുള്ളവർക്ക് ആരാണ് മനസിലാക്കി കൊടുക്കുകയെന്നും ശിവന്‍കുട്ടി ചോദിച്ചു.

ജീവിതത്തിലും സ്വന്തം വീട്ടിലും കൊടിക്കുന്നിൽ ഇതേ ആശയമാണോ പിന്തുടരുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൊടിക്കുന്നിലിന്‍റെ പരാമർശം അംഗീകരിക്കുന്നുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു.

പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ച്​ കൊടുക്കണമായിരുന്നെന്നും അതാണ്​ നവോത്ഥാനമെന്നുമുള്ള കൊടിക്കുന്നില്‍ സുരേഷിന്‍റെ പരാമർശമാണ്​ വിവാദമായത്​. എസ്.സി-എസ്.ടി വികസനഫണ്ട് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്​ വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക്​ സമീപം സംഘടിപ്പിച്ച ധര്‍ണയിലായിരുന്നു പരാമർശം.

പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാർ സി.പി.എമ്മിലുണ്ട്​. നവോത്ഥാനം മുഖ്യമന്ത്രി സ്വന്തം കുടുംബത്തിൽ നിന്നുവേണം തുടങ്ങേണ്ടത്​. സ്വന്തം കസേര ഉറപ്പിക്കാനുള്ള നവോത്ഥാനമാണ്​ അദ്ദേഹത്തി​​ന്‍റെത്​. അത്​ തട്ടിപ്പാണെന്നും കൊടിക്കുന്നിൽ ആരോപിച്ചിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്ന്​ കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. പരാമർശത്തെ വേറൊരുതരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഭരണാധികാരിയെന്ന നിലയില്‍, പറയുന്ന കാര്യത്തില്‍ ആത്മാർഥതയുണ്ടായിരുന്നെങ്കില്‍ സ്വന്തം കുടുംബത്തില്‍ അത്​ നടപ്പാക്കണമായിരുന്നു. അത്തരം ചര്‍ച്ച പൊതുസമൂഹത്തിന്​ മുന്നില്‍ വന്നു. ഇടതുപക്ഷ പാർട്ടികളും അക്കാര്യം ചർച്ച ചെയ്​തതാ​ണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Minister Sivankutty said that Kodikunnil Suresh was a feudal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.