ഭരണഘടനയേയും അതിന്‍റെ ശിൽപികളേയും അവഹേളിച്ച മന്ത്രി രാജിവെക്കുക -ഫ്രറ്റേണിറ്റി

തിരുവനന്തപുരം: ഭരണഘടനയേയും അതിന്റെ ശിൽപികളേയും അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. മന്ത്രി നടത്തിയ ഭരണഘടനാ വിമർശനം ആരോഗ്യകരമായ ഒന്നല്ല, മറിച്ച്‌ ഭരണഘടനയോടും അംബേദ്കർ ഉൾപ്പടെയുള്ള ഭരണഘടനാ ശിൽപികളോടുമുള്ള അവഹേളനമാണ്.

ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നാണ് അദ്ദേഹം ഉന്നയിച്ചത്. ഹിന്ദുത്വ ശക്തികൾ ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ അതിന് ശക്തി പകരുന്ന നിലപാടാണ് മന്ത്രി സജി ചെറിയാനിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ആരോഗ്യകരവും വസ്തുതാപരവുമായ ഭരണഘടനാ വിമർശനം ജനാധിപത്യാവകാശവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുമാണ്. എന്നാൽ കേവല അവഹേളനത്തിലൂടെ ഭരണഘടനയേയും അംബേദ്കർ ഉൾപ്പെടെയുള്ള അതിന്റെ ശിൽപികളേയും അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്.

സി.പി.എമ്മിന്റെ ഭരണഘടനാ സംരക്ഷണ മോഡലാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്. ജനാധിപത്യം ഇന്നും ഇടതുപക്ഷത്തിന് അടവുനയമാണ് എന്നത് കൂടി തെളിയിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ അവഹേളനം.

ഭരണഘടനയോട് കൂറും വിശ്വാസ്യതയും പുലർത്തുമെന്ന് പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ സജി ചെറിയാൻ നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. അങ്ങനൊരാൾ എം.എൽ.എ സ്ഥാനത്തു പോലും തുടരാൻ അർഹനല്ല. രാജിവെച്ച് പുറത്തു പോവുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ഹിന്ദുത്വ ഫാഷിസത്തിന് ശക്തിപകരുന്ന ഇത്തരം പ്രസ്താവനകളിൽ പാർട്ടിയുടെ നിലപാടെന്തെന്ന് വ്യക്തമാക്കാൻ സി.പി.എമ്മിനും ബാധ്യതയുണ്ട് എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Minister saji cherian should resign - fraternity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.