കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌ f 9 ഇൻഫോടെക് സംഘടിപ്പിച്ച കേരള സൈബർ സുരക്ഷ സമ്മിറ്റ് 2025 കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നു

ഏഴുമാസത്തിനിടെ തിരിച്ചെത്തിയത് 40,000 പേർ; പ്രഫഷനലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത് വളർച്ചാ സൂചനയെന്ന് മന്ത്രി രാജീവ്

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രഫഷനലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ ഇവിടെ വർധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഭാസമെന്നും മന്ത്രി പറഞ്ഞു.

എഫ്9 ഇൻഫോടെക് സംഘടിപ്പിച്ച കേരള സൈബർ സുരക്ഷാ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ന്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ 40,000 പ്രഫഷനലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പ്രഫഷണൽ രംഗത്തെ പ്രമുഖ മാധ്യമമായ ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബൈ ആസ്ഥാനമായുള്ള എഫ്9 ഇൻഫോടെക് പ്രഖ്യാപിച്ച സൗജന്യ സേവനം മന്ത്രി പ്രശംസിച്ചു.30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 500 കമ്പനികൾക്ക് 24/7 സൈബർ സുരക്ഷാ നിരീക്ഷണവും അലേർട്ടിംഗും 1 വർഷത്തേക്ക് പൂർണമായും സൗജന്യമായും നൽകും.

ചെലവ് കാരണം സൈബർ സുരക്ഷാ സേവനങ്ങൾ ലഭിക്കാതെ പോകുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ സൈബർ ദുർബലതകളും പ്രതിരോധ സംവിധാനങ്ങളും വിലയിരുത്താൻ ഇതുവഴി സാധിക്കും. സൗജന്യ സേവനത്തിന് പുറമെ, സമഗ്രമായ സുരക്ഷാ ആർക്കിടെക്ചർ അവലോകനവും ലഭിക്കുമെന്നത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് വലിയ കരുത്താകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യു.എസിനും ചൈനക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി സൈബർ കുറ്റകൃത്യങ്ങൾ മാറിയിട്ടുണ്ടെന്ന് പ്രമുഖ സൈബർ സുരക്ഷാ വിദഗ്ധനായ ഗോപൻ ശിവശങ്കരൻ ഉച്ചകോടിയിലെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുടെ സാമ്പത്തിക വ്യാപ്തി ഏകദേശം 10.5 ട്രില്യൺ ഡോളറാണ്. സൈബർ കുറ്റവാളികൾ ഉയർത്തുന്ന വെല്ലുവിളികളും അവയെ നേരിടാൻ ആവശ്യമായ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും സഹകരണത്തോടെയാണ് കെ.സി.എസ്.എസ് 2025 സംഘടിപ്പിച്ചത്. എം.എസ്.എം.ഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സൈബർ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായിരുന്നു ഉച്ചകോടിയിൽ പ്രധാന ഊന്നൽ.

കെ.എസ്‌.യു.എം ഡയറക്ടർ ലെഫ്. കമാൻഡർ സജിത്ത് കുമാർ ഇ.വി. (റിട്ട), സോഫോസ് ഡയറക്ടർ ഗോപൻ ശിവശങ്കരൻ, എഫ്9 ഇൻഫോടെക് സി.ഇ.ഒ ജയകുമാർ മോഹനചന്ദ്രൻ, സി.ടി.ഒ രാജേഷ് രാധാകൃഷ്ണൻ, സി.ഐ.എസ്.ഒ രാജേഷ് വിക്രമൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത പാനൽ ചർച്ചകളും ഉച്ചകോടിയിൽ നടന്നു. ബിബു പുന്നൂരാൻ (മെഡിവിഷൻ ഗ്രൂപ്പ് സഹസ്ഥാപകൻ), വിനോദിനി സുകുമാരൻ (കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്), നിത്യാനന്ദ് കാമത്ത് (മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്), വിവേക് ഗോവിന്ദ് (ടി.ഐ.ഇ കേരള പ്രസിഡന്റ്) എന്നിവർ പങ്കെടുത്ത ചർച്ചക്ക് മുതിർന്ന മാധ്യമപ്രവർത്തകൻ ജോ സ്കറിയ മോഡറേറ്ററായിരുന്നു.

എ. ബാലകൃഷ്ണൻ (ജിയോജിത് ഫിനാൻഷ്യൽ സർവീസസ്), സംഗീത് കെ.എം. (മെയ്ൻ കാൻകോർ എവിപി), അനിൽ മേനോൻ (ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഐ.ഒ), റോബിൻ ജോയ് (എംസൈൻ ടെക്നോളജീസ് ഡയറക്ടർ), വി.വി. ജേക്കബ് (മലയാള മനോരമ) എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് എസ്എഫ്ഒ ടെക്നോളജീസ് പ്രിൻസ് ജോസഫ് മോഡറേറ്ററായി.

Tags:    
News Summary - Minister Rajeev said that the return of professionals to Kerala is a sign of growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.