വർഗീയത പ്രചരിപ്പിക്കുന്നതിൽ ഷംസീറിന്‍റെ മൂത്താപ്പയാണ് റിയാസ്; പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

കാസർകോട്: സംസ്ഥാന ഭരണത്തെയും സി.പി.എമ്മിനെയും നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും തിരുത്താൻ തക്ക ശക്തനായി റിയാസ് മരുമകൻ മാറി. ഗോവിന്ദന് ആ പാർട്ടിയിൽ ഒരു സ്ഥാനവുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലന്ന് ഗോവിന്ദൻ തിരുത്തിയപ്പോൾ റിയാസ് പറയുന്നു, ഷംസീർ പറഞ്ഞതാണ് ശരിയെന്ന്. പറഞ്ഞതൊന്നും ആരും തിരുത്തിയിട്ടില്ലന്നും. ഇനി മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. പാർട്ടി സെക്രട്ടറിയെ മരുമകൻ മന്ത്രി തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

റിയാസിന്‍റെ നേതൃത്വത്തിൽ ഇപ്പോൾ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത് മുസ്ലിം വോട്ട് ബാങ്കിനു വേണ്ടിയുള്ള പ്രാകൃത സമീപനമാണ്. വർഗീയത വമിപ്പിക്കുന്നതിൽ ഷംസീറിന്‍റെ മൂത്താപ്പയാണ് റിയാസ്. ജനങ്ങളെ ഭിന്നിപ്പിച്ച് അതിൽ നിന്ന് മുതലാക്കാനാണ് സി.പി.എം നീക്കം. ഭരണ പരാജയം മറച്ചുവെക്കാനും നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുമാണ് സി.പി.എം ശ്രമം. അതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ ഗണപതി നിന്ദ. ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.

ഏഴിന് നിയമസഭ സമ്മേളനം ആരംഭിക്കുകയാണ്. ഗണപതി നിന്ദ നടത്തിയ ഷംസീറുമായി സഭയിൽ സഹകരിക്കുമോ എന്ന് വി.ഡി. സതീശനും കെ. സുധാകരനും വ്യക്തമാക്കണം. കോൺഗ്രസ് നിയമസഭയിൽ സ്വീകരിക്കുന്ന നിലപാട് എന്താണെന്നറിയാൻ എല്ലാർക്കും താൽപര്യമുണ്ട്. ഷംസീർ മാപ്പുപറയും വരെ ശക്തമായ പ്രക്ഷോഭവവുമായി ബി.ജെ.പി മുന്നോട്ടു പോകുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

വർഗീയ ഭ്രാന്തിനെതിരെ സമാധാനപരമായ പ്രക്ഷോഭമാണ് ബി.ജെ.പി നടത്തുക. എട്ടിന് നിയമസഭയിലേക്ക് യുവമോർച്ച മാർച്ച് നടത്തും. 10ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ നിയമസഭ മന്ദിരത്തിലേക്ക് നാമജപയാത്ര സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.

Tags:    
News Summary - Minister Muhammed Riyas controls the party and administration-K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.