പാലക്കാട്: പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നത് ഉചിതമല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പാടില്ലെന്ന് പറഞ്ഞ് സ്വാതന്ത്ര സമരത്തിൽ നിന്ന് വിട്ടുനിന്നയാളാണ് ഹെഡ്‌ഗേവാറെന്നും ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേരിടുന്നത് അനുചിതമാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ഹെഡ്‌ഗേവാർ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നുവെന്നതിന് രാജേഷിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബി.ജെ.പി ഈസ്റ്റ് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ പറഞ്ഞു. കൃഷ്ണപിള്ളയുടെയും വാരിയൻ കുന്നന്റെയും പേരിലെല്ലാം കേരളത്തിൽ നിരവധി പദ്ധതികളുണ്ട്.ഇതിലൊന്നും നിയമവിരുദ്ധതയില്ലേ എന്നും പ്രശാന്ത് ചോദിച്ചു.
അതേസമയം, ഹെഡ്‌ഗേവാറിന്റെ പേരിടുന്നതിനെ എതിർത്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കൊലവിളി നടത്തിയ സംഭവത്തിൽ ബി.ജെ.പി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെതിരെയും ജില്ല സെക്രട്ടറി ഓമനക്കുട്ടനെതിരെയും പൊലീസ് കേസെടുത്തു. വിഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.
ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വ്യാപക പ്രതിഷേധം നടന്നിരുന്നു. ഓമനക്കുട്ടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം എം.എല്‍.എ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഓമനക്കുട്ടന്റെ ഭീഷണി പ്രസംഗം.
അതേസമയം, പ്രതിഷേധങ്ങള്‍ക്കു പിന്നാലെ പാലക്കാട്ട് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പൂര്‍ത്തിയായതായി ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് പറഞ്ഞു. പാര്‍ട്ടി ഓഫിസ് കേന്ദ്രീകരിച്ചുള്ള മാര്‍ച്ചും പ്രകോപനപരമായ പ്രസംഗങ്ങളും ഒഴിവാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പൊലീസ് ആവശ്യപ്പെട്ടു. പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യം അംഗീകരിച്ചെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.